
താരസംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മറ്റി യോഗം ഇന്നലെ ചേര്‍ന്നുവെന്ന് എംഎല്‍എയും അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷനുമായ രമേശ് പിഷാരടി. സംഘടനയില്‍ നിന്ന് രാജിവെച്ചു പോയവരെ തിരികെ കൊണ്ടുവരാനുളള സജീവമായ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു.
രാജിവെച്ച അംഗങ്ങളെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ശ്വേതാ മേനോന്, അന്‍സിബ, മല്ലികാ സുകുമാരന്‍ തുടങ്ങിയവരുമായി നേരിട്ട് സംസാരിച്ചുകഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങിയ മുതിര്‍ന്ന താരങ്ങളുമായും ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഓരോരുത്തര്‍ക്കും സംഘടന വിട്ടുപോകാന്‍ ഇടയാക്കിയ പ്രശ്നങ്ങള്‍ എന്താണെന്ന് ആഴത്തില്‍ മനസ്സിലാക്കാനും അവയ്ക്ക് ഉചിതമായ പരിഹാരം കാണാനുമാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടനയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി വൈകാതെ തന്നെ ഒരു സ്ഥിരം കമ്മിറ്റി നിലവില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, വരാനിരിക്കുന്ന പുതിയ കമ്മിറ്റിയുടെ ഭാരവാഹിത്വം താന്‍ ഏറ്റെടുക്കില്ലെന്നും പിഷാരടി വ്യക്തമാക്കി.






