
സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് പ്രധാന കാരണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ എല്ലാവരും സ്വയം വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കിയതായി മന്ത്രി വ്യക്തമാക്കി.
സോളാർ വൈദ്യുതി സംഭരിക്കുന്നതിനായി ബാറ്ററി സ്റ്റോറേജ് സംവിധാനം ഒരുക്കുമെന്നും മഴ കുറയുന്ന സാഹചര്യങ്ങളിലും പ്രതിസന്ധി മറികടക്കാൻ മാർഗങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി അനാവശ്യമായി പാഴാക്കുന്ന പ്രവണത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും പകൽ സമയത്ത് ഒരു യൂണിറ്റ് വൈദ്യുതി 19 പൈസയ്ക്ക് ലഭിക്കുമ്പോൾ രാത്രി 10 രൂപ നൽകിയാലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ വൈദ്യുതി ഇപ്പോൾ തിരിച്ചുനൽകുകയാണെന്നും അദ്ദേഹം അറിയിച്ചു.
സുരക്ഷിതമായ വൈദ്യുതി ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുമെന്നും കുടുംബശ്രീ മുഖേന വീട്ടമ്മമാർക്കും അവബോധം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, മദ്യനയവും കെപിസിസി അധ്യക്ഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അദ്ദേഹം പ്രതികരിച്ചില്ല.






