
വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട് സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണെന്ന് മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ആരോപിച്ചു. യുഡിഎഫിൽ ചർച്ച ചെയ്ത ശേഷമേ കാര്യങ്ങൾ നടപ്പാക്കൂവെന്നാണ് എക്സൈസ് മന്ത്രി പറയുന്നതെങ്കിലും, ബിൽ പാസാക്കിയ ശേഷം ചർച്ച നടത്തുന്നതിന് എന്ത് പ്രസക്തിയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ബിൽ പാസായാൽ അത് എറിഞ്ഞ കല്ല് പോലെയാണെന്നും അദ്ദേഹം വിമർശിച്ചു.
വീര്യം കുറഞ്ഞ മദ്യം കൂൾഡ്രിങ്ക്സ് പോലെ സാമൂഹിക മദ്യപാനത്തിലേക്ക് വഴിവെക്കുമെന്നും അത് അപകടകരമാണെന്നും ബാലഗോപാൽ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട ഫയൽ നീക്കം ആരംഭിച്ചത് ഇടതുസർക്കാരിന്റെ കാലത്താണെന്ന് സ്ഥാപിക്കാൻ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വീര്യം കുറഞ്ഞ മദ്യം അപകടകരമാണെന്നാണ് ഇടതുപക്ഷം എപ്പോഴും പറഞ്ഞിരുന്നതെന്നും എന്നാൽ ഇപ്പോൾ വാദി പ്രതിയായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാണ് സർക്കാരിന്റെ നിലപാടെന്നും കുട്ടനാട് എംഎൽഎയും മുഖ്യമന്ത്രിയും തമ്മിലുള്ള സംഭാഷണം എല്ലാവരും കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഇരട്ടത്താപ്പാണ് തുടരുന്നതെന്നും ബാലഗോപാൽ ആരോപിച്ചു.
അതേസമയം, കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ കാറ്റഗറി നിശ്ചയിക്കുന്നതിനുള്ള ചട്ടഭേദഗതിക്ക് അംഗീകാരം നൽകിയ ഫയൽ നീക്കവുമായി ബന്ധപ്പെട്ട രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. 2023 ജൂൺ ഒന്നിന് അന്നത്തെ എക്സൈസ് മന്ത്രി ചട്ടഭേദഗതിക്ക് അംഗീകാരം നൽകിയതായാണ് രേഖകൾ വ്യക്തമാക്കുന്നത്.






