
ന്യൂഡൽഹി: തട്ടിപ്പ് കേസിൽ യു.എസ് നീതിന്യായ വകുപ്പ് ക്രിമിനൽ നടപടി തുടരില്ലെന്ന് അറിയിച്ചിട്ടും, ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരായ കുറ്റങ്ങൾ ഔദ്യോഗികമായി ഒഴിവാക്കുന്നതിൽ യു.എസ് കോടതി ഉടൻ തീരുമാനമെടുത്തില്ല. കുറ്റങ്ങൾ പിൻവലിക്കാനുള്ള നീതിന്യായ വകുപ്പിന്റെ തീരുമാനത്തിൽ വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു.
അദാനിക്കെതിരായ ക്രിമിനൽ നടപടി അവസാനിപ്പിക്കുമെന്ന് യു.എസ് നീതിന്യായ വകുപ്പ് മെയ് മാസത്തിൽ അറിയിച്ചിരുന്നു. എന്നാൽ, ജഡ്ജിയുടെ അനുമതിയില്ലാതെ കുറ്റങ്ങൾ പിൻവലിക്കാൻ കഴിയില്ല. ഇതിനെ തുടർന്ന് കുറ്റപത്രം ഔദ്യോഗികമായി തള്ളണമെന്നാവശ്യപ്പെട്ട് അദാനിയുടെ അഭിഭാഷകർ കോടതിയെ സമീപിച്ചു.
തുടർന്നാണ് ബ്രൂക്ലിനിലെ യു.എസ് ജില്ലാ ജഡ്ജി നിക്കോളാസ് ഗരൗഫിസ്, കുറ്റങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തിൽ വിശദീകരണം നൽകാൻ യു.എസ് നീതിന്യായ വകുപ്പിനോട് നിർദേശിച്ചത്. അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനത്തിന് സൗരോർജ്ജ പദ്ധതിക്ക് അനുമതി ലഭ്യമാക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചെന്നാണ് കേസിലെ ആരോപണം.






