
ഗ്വാഡലഹാര: ഉറുഗ്വായ്ക്കെതിരായ മത്സരത്തിന് പിന്നാലെ സ്പെയിൻ ടീമിനെ പരിക്കിന്റെ ആശങ്ക പിടികൂടി. മുന്നേറ്റനിരയിലെ പ്രധാന താരങ്ങളായ നിക്കോ വില്യംസിനും യെരെമി പിനോയ്ക്കും പരിക്കേറ്റതാണ് ടീമിന് തിരിച്ചടിയായത്.
പരിക്കിൽ നിന്ന് മടങ്ങിയെത്തിയ നിക്കോ വില്യംസിന് വീണ്ടും പരിക്കേറ്റത് നോക്കൗട്ട് ഘട്ടത്തിൽ സ്പെയിനിനെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉറുഗ്വായ്ക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇരുവരും കളത്തിലിറങ്ങിയത്. യെരെമി പിനോയ്ക്ക് തോളെല്ലിനാണ് പരിക്കേറ്റത്.
പിനോയുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പരിക്കിനെ തുടർന്ന് മത്സരം പൂർത്തിയാക്കാതെ താരം മൈതാനം വിടേണ്ടിവന്നു. തുടർന്നുള്ള ലോകകപ്പ് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായേക്കാമെന്ന് സ്പെയിൻ പരിശീലകൻ ഫുവന്തെ മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സ്പെയിൻ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നത്. ആദ്യ മത്സരത്തിൽ കേപ് വർദെയോട് സമനില വഴങ്ങിയ ടീം രണ്ടാം മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപിച്ചു. മൂന്ന് മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടിയെങ്കിലും ടീമിന്റെ പ്രകടനത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്. ഫെറാൻ ടോറസിന്റെ മോശം ഫോം മുന്നേറ്റനിരയെ ബാധിക്കുന്നുണ്ടെന്നും ലഭിക്കുന്ന അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലെ പോരായ്മ നോക്കൗട്ടിൽ എങ്ങനെ പ്രതിഫലിക്കുമെന്നതാണ് ഇനി വിലയിരുത്തപ്പെടുന്നത്.






