
മൈക്കിൾ ഒലീസെയെ വാനോളം പുകഴ്ത്തി ഫ്രഞ്ച് ഇതിഹാസം പാട്രിക് വിയേര. മിഷേൽ പ്ലാറ്റിനിയെയും സിനദിൻ സിദാനെയും പോലെ ഫ്രാൻസിന്റെ അടുത്ത വലിയ താരമായി ഒലീസെ വളരുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഭാവിയിൽ ബാലൺ ഡി'ഓർ സ്വന്തമാക്കാൻ കഴിവുള്ള താരമാണ് ഒലീസെയെന്നും വിയേര പറഞ്ഞു.
"ഫ്രാൻസിന് ഒരിക്കൽ മിഷേൽ പ്ലാറ്റിനിയും പിന്നീട് സിനദിൻ സിദാനും ഉണ്ടായിരുന്നു. ഇപ്പോൾ മൈക്കിൾ ഒലീസെയുണ്ട് എന്ന കാര്യത്തിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. ലോകഫുട്ബോളിലെ ഏറ്റവും വലിയ വേദികളിൽ തിളങ്ങാൻ ആവശ്യമായ എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. ഭാവിയിൽ ബാലൺ ഡി'ഓർ ജേതാവാകാൻ ഒലീസെയ്ക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു," എന്ന് വിയേര വ്യക്തമാക്കി.
ഫ്രാൻസിനായി മികച്ച പ്രകടനമാണ് ഒലീസെ തുടരുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് അസിസ്റ്റുകൾ സ്വന്തമാക്കിയ താരം ടീമിന്റെ മുന്നേറ്റങ്ങളിൽ നിർണായക സാന്നിധ്യമായി മാറിയിട്ടുണ്ട്. ബയേൺ മ്യൂണിക്കിനായി മികച്ച സീസൺ പൂർത്തിയാക്കിയ ഒലീസെ, ഫ്രഞ്ച് ടീമിന്റെയും ആക്രമണനിരയിലെ പ്രധാന കരുത്താണ്.
റൈറ്റ് വിങ്ങറായാണ് പ്രധാനമായും കളിക്കുന്നതെങ്കിലും, സമീപകാല മത്സരങ്ങളിൽ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന അറ്റാക്കിങ് മിഡ്ഫീൽഡർ റോളിലും ഒലീസെ തിളങ്ങി. അന്റ്വാൻ ഗ്രീസ്മാൻ വിട്ടുപോയ വിടവ് നികത്താൻ ഒലീസെയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് ആരാധകർ.






