
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കോച്ചായ ശ്രീവരാഹം സ്വദേശി മനുവിന് മൂന്നാമത്തെ കേസിലും ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. 38 വർഷം കഠിനതടവും 79,000 രൂപ പിഴയുമാണ് ശിക്ഷ.
2018ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. അതേസമയം, നാലാമത്തെ കേസിലും മനു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഈ കേസിലെ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.
നിലവിൽ മനുവിനെതിരെ ആറ് കേസുകളാണ് ഉള്ളത്. ഒന്നാം കേസിൽ 16 വർഷവും രണ്ടാം കേസിൽ 35 വർഷവും കഠിനതടവ് കോടതി നേരത്തെ വിധിച്ചിരുന്നു. ഇനി രണ്ട് കേസുകളിൽ കൂടി വിധി വരാനുണ്ട്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹനും അഭിഭാഷകരായ സുരഭി, രവികൃഷ്ണൻ തമ്പി എച്ച് എന്നിവരും ഹാജരായി. കണ്ടോൺമെന്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷ് ശശി, സബ് ഇൻസ്പെക്ടർമാരായ ഷെഫിൻ എസ്., നിതിൻ നളൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.






