
ഹൂസ്റ്റണ്‍: ഫുട്ബോള്‍ ലോകകപ്പില്‍ കേപ് വെര്‍ദെ എന്ന കൊച്ചു രാജ്യം അദ്ഭുതങ്ങള്‍ കുറിച്ച് മുന്നേറുന്നു. ലോകകപ്പ് നോക്കൗട്ടില്‍ കടക്കുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യമെന്ന നേട്ടമാണ് അവര്‍ പുതുതായി സ്വന്തമാക്കിയത്. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന എച്ച് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ വെര്‍ദെ സൗദി അറേബ്യയെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയാണു പ്രീ ക്വാര്‍ട്ടറിലേക്കു ചുവട് വച്ചത്. മൂന്ന് കളികളില്‍നിന്ന് ഏഴ് പോയിന്റുള്ള സ്പെയിന് (രണ്ട് ജയവും ഒരു സമനിലയും) ഒന്നാം സ്ഥാനക്കാരായി. മൂന്ന് സമനിലകളിലായി നേടിയ മൂന്ന് പോയിന്റിലാണ് വെര്‍ദെയുടെ മുന്നേറ്റം.
രണ്ട് പോയിന്റ് വീതം നേടിയ മുന്‍ ലോക ചാമ്പ്യന്‍ യുറുഗ്വേയും സൗദി അറേബ്യയും പുറത്തായി. അവസാന മത്സരത്തില്‍ സ്പെയിനോടു തോറ്റതോടെയാണു യുറുഗ്വേയുടെ മടക്ക ടിക്കറ്റ് തയാറായത്.
യുറുഗ്വേയെപ്പോലെ സൗദിക്കും രണ്ട് സമനിലകള്‍ മാത്രമാണ് അക്കൗണ്ടില്‍. ആകെ 500,000 പേര് മാത്രമുള്ള കന്നി ലോകകപ്പ് കളിക്കുന്ന കേപ് വെര്‍ദെ ഇതുവരെ ഒരു മത്സരവും ജയിച്ചുമില്ല ആരെയും തോല്പ്പിച്ചുമില്ല. അവരുടെ സമനിലകള്‍ ജയത്തിനൊപ്പം നില്‍ക്കുന്നതായിരുന്നു. ആദ്യ മത്സരത്തില്‍ ഗോളടിച്ചു "പഠിക്കാനെത്തിയ" മുന്‍ ലോക ചാമ്പ്യന്‍ സ്പെയിനെ ഗോള്‍രഹിതമായി പൂട്ടി. ഏഴ് സേവുകളുമായി 40 വയസുകാരന് ഗോള്‍ കീപ്പര്‍ വോസീഞ്ഞ്യ അന്ന് കളം നിറഞ്ഞു. മൂന്നു മത്സരങ്ങളില്‍ രണ്ടു ഗോളുകള്‍ മാത്രമാണു താരം വഴങ്ങിയത്.
വോസീഞ്ഞ്യയുടെ ചോരാത്ത കരങ്ങളിലൂടെ പിറന്നത് ഒരു ഡസനിലധികം സേവുകള്‍. രണ്ടാമത്തെ മത്സരത്തില്‍ യുറുഗ്വേ രണ്ട് ഗോളടിച്ചെങ്കിലും അത്രയും തിരിച്ചുകൊടുത്തു. ഏഷ്യന്‍ കണ്ണിയായ സൗദിക്കെതിരേയും ഗോള്‍രഹിത സമനില. രണ്ടു മുന്‍ ചാമ്പ്യന്മാരുള്ള മരണ ഗ്രൂപ്പില്‍ ദയനീയ പ്രകടനം കാഴ്ചവയ്ക്കുമെന്നു ഫുട്ബോള്‍ പണ്ഡിതര്‍ വിലയിരുത്തിയ ടീം. നോക്കൗട്ടില്‍ അവര്‍ നേരിടാനിരിക്കുന്നത് നിലവിലെ ചാമ്പ്യന്‍ അര്‍ജന്റീനയെ. ജി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 5-1 നു തോല്‍പ്പിച്ച് ബെല്‍ജിയം നോക്കൗട്ടില്‍ കടന്നു.
വാന്‍കുവറില്‍ നടന്ന മത്സരത്തില്‍ ബെല്‍ജിയത്തിനായി ലിയാന്‍ഡ്രോ ട്രഃൗസാഡ് ഇരട്ട ഗോളുകളും കെവിന് ഡി ബ്രൂയിന്, റൊമേലു ലുക്കാകു, അലക്സിസ് സാലെമേകേഴ്സ് എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. ന്യൂസിലന്‍ഡിനായി എലിയ ജസ്റ്റ് ഒരു ഗോളടിച്ചു. ജയത്തില്‍ കുറഞ്ഞ ഒന്നും ബെല്‍ജിയത്തിന്റെ നോക്കൗട്ട് പ്രവേശനം സാധ്യമാക്കില്ലായിരുന്നു. മൂന്ന് കളികളില്‍നിന്ന് അഞ്ച് പോയിന്റ് വീതം നേടിയ ബെല്‍ജിയം ഒന്നാമതായും ഈജിപ്ത് രണ്ടാമതായും നോക്കൗട്ടിലെത്തി.
മൂന്ന് പോയിന്റുള്ള ഇറാന് മികച്ച എട്ട് മൂന്നാം സ്ഥാനക്കാരില്‍ ഒരാളാകാനുള്ള അവസരമുണ്ട്. നാലാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് ഒരു പോയിന്റാണ്. ഇറാനോട് 1-1 നു സമനിലയില്‍ പിരിഞ്ഞെങ്കിലും നോക്കൗട്ട് ഉറപ്പിക്കാന്‍ ഈജിപ്തിനായി. ലോകകപ്പില്‍ ആദ്യമായാണ് ഈജിപ്ത് നോക്കൗട്ട് കളിക്കുന്നത്. ഈജിപ്തിനായി മഹ്മൂദ് സാബറും ഇറാനായി റാമിന് റെസായിനും ഗോളടിച്ചു. നോര്‍വേയെ 4-1 നു തോല്‍പ്പിച്ച മുന്‍ ചാമ്പ്യന്‍ ഫ്രാന്‍സ് ഐ ഗ്രൂപ്പ് ചാമ്പ്യനായി. മൂന്ന് കളികളും ജയിച്ച അവര്‍ ഒന്‍പത് പോയിന്റ് നേടി. തോറ്റെങ്കിലും ആറ് പോയിന്റുമായി നോര്‍വേ രണ്ടാം സ്ഥാനക്കാരായി. ഇറാഖിനെ 5-0 ത്തിനു തോല്‍പ്പിച്ച സെനഗലാണു മൂന്നാമത്. മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരു ടീമായി അവരും നോക്കൗട്ടില്‍ കളിക്കും. ആഫ്രിക്കയില്‍നിന്ന് ഈജിപ്ത്, ഘാന, സെനഗല്‍, മൊറോക്കോ, ഐവറി കോസ്റ്റ്, കേപ് വെര്‍ദെ, ദക്ഷിണാഫ്രിക്ക എന്നിവര്‍ മുന്നേറി.






