
തിരുവനന്തപുരം: പിഎസ്‌സിക്കെതിരെ വൻ പരീക്ഷാ ക്രമക്കേട് ആരോപണം. ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിലാണ് ഗുരുതര പിഴവ് ആരോപിക്കപ്പെടുന്നത്. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ഇടത് അനുകൂല സംഘടനിയിലെ അംഗമാണെന്നതും വിവാദത്തിനു രൂക്ഷത കൂട്ടുന്നു.
അഡീഷണൽ സെക്രട്ടറിക്ക് തുല്യമായ ഉന്നത പരീക്ഷയിൽ പങ്കെടുത്ത പലരുടെയും ഉത്തരങ്ങൾ പരിശോധിച്ചില്ല എന്നാണ് ആരോപണം. ഉത്തരക്കടലാസിന്റെ പകർപ്പ് എടുത്തപ്പോഴാണ് പലർക്കും പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക് മാർക്ക് ലഭിച്ചിട്ടില്ല എന്ന് മനസ്സിലായത്. പരീക്ഷയ്ക്ക് ശേഷം ഉടൻ തന്നെ നിയമനം നൽകിയത് ക്രമക്കേട് മറയ്ക്കാനായിരുന്നു എന്നാണ് ആരോപണം.
ഉത്തരക്കടലാസിന്റെ പകർപ്പിനു വേണ്ടി ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകിയിട്ടും ഗുരുതരമായ കാലതാമസമുണ്ടായി. ഒരു വർഷം കഴിഞ്ഞാണ് പരിഹാരമുണ്ടായത്. വിവരാവകാശ നിയമ പ്രകാരവും ശ്രമങ്ങൾ നടത്തിയിരുന്നു. ക്രമക്കേടിൽ ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നൽകി. തുടർന്ന് പരാതിയിൽ മൂന്നാഴ്ചക്കുള്ളിൽ മറുപടി നൽകാൻ പിഎസ്‌സിക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശം നൽകിയിട്ടുണ്ട്.






