
ബെൽഫാസ്റ്റ്: ഇന്ത്യ-അയർലൻഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിൽ ഇടംപിടിക്കുമോയെന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. ആദ്യ മത്സരത്തിൽ അരങ്ങേറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം ലഭിക്കാതിരുന്നതോടെ, ഇന്ന് ടീമിൽ മാറ്റമുണ്ടാകുമോയെന്ന ആകാംക്ഷയാണ് ആരാധകർക്കിടയിൽ. ബെൽഫാസ്റ്റിൽ വൈകിട്ട് ആറുമണിക്കാണ് മത്സരം.
വൈഭവിന്റെ കാര്യത്തിൽ മുൻ ഇന്ത്യൻ താരങ്ങൾക്കിടയിലും അഭിപ്രായവ്യത്യാസമുണ്ട്. ചെറുപ്രായത്തിൽ തുടർച്ചയായ സമ്മർദം ഒഴിവാക്കി കൂടുതൽ തയ്യാറെടുപ്പിന് സമയം നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. അതേസമയം, പ്രതിഭയുള്ള താരങ്ങൾക്ക് രാജ്യാന്തര തലത്തിൽ അവസരം നൽകേണ്ടത് നിർണായകമാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വിലയിരുത്തൽ. പുതിയ റിപ്പോർട്ടുകൾ പ്രകാരം രണ്ടാം ടി20യിൽ ഇന്ത്യ പ്ലേയിങ് ഇലവനിൽ ചില മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.






