
യെമന്‍ : മധ്യയെമനിലെ ഇബ്ബ് ഗവർണറേറ്റിൽ കനത്ത മഴയ്ക്കിടെയുണ്ടായ ഇടിമിന്നലിൽ അഞ്ചംഗ കുടുംബം മരിച്ചു. ഫർഅ് അൽഉദൈൻ ജില്ലയിലെ സാറ ഗ്രാമത്തിലാണ് സംഭവം. ദമ്പതികളും ഇവരുടെ മൂന്ന് മക്കളുമാണ് അപകടത്തിൽപ്പെട്ടത്. മഴ കനത്തതോടെ വീടിനുള്ളിലെ ഒരു മുറിയിൽ അഭയം പ്രാപിച്ചിരുന്ന കുടുംബത്തിന് മേൽ മിന്നൽ പതിക്കുകയായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായിട്ടാണ് റിപ്പോർട്ട്.
വീടിന് തൊട്ടടുത്തായി ഒരു പ്രാദേശിക കമ്പനിയുടെ മൊബൈൽ ടവർ സ്ഥിതി ചെയ്യുന്നുണ്ടെന്നും ഇതാണ് മിന്നൽ വീടിന് നേരെ പതിക്കാൻ കാരണമായതെന്നുമാണ് നാട്ടുകാരുടെ ആരോപണം. ടവറിലേക്ക് അടിച്ച മിന്നൽ വീട്ടിലേക്ക് പടർന്നതാകാം എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഈ ആരോപണങ്ങളിൽ യെമൻ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മിന്നലേറ്റതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.





