
തിരുവനന്തപുരം: ഇ ഡി ആക്രമണക്കേസിൽ പ്രതിക്കായി അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. പ്രോസിക്യൂട്ടര്‍ ടി ഗീനാ കുമാരിയെ മാറ്റി . അഡീഷണല്‍ ഗവണ്‍മെന്റെ് പ്ലീഡര്‍ എ.ആര്‍.ഷാജിയക്ക് പകരം ചുമതല. ഒരു പ്രോസിക്യൂട്ടര്‍ക്കെതിരെ സര്‍ക്കാർ കോടതിയിലെത്തുന്നത് അപൂര്‍വമാണ്.
കൊച്ചിയിൽ, ഡിജിപി ആസഫലി വിളിച്ച യോഗത്തിലാണ് തീരുമാനം ഉണ്ടായത്.പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നാളെ കേസിന് ഹാജരാകും. പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനിന്ന പ്രോസിക്യൂട്ടറെ മാറ്റുകയാണെന്നും ഇ ഡിയെ ആക്രമിച്ച കേസ് വളരെ ഗൗരവമുളളതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എല്‍ഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട പ്രോസിക്യൂട്ടറാണ് ഗീനാ കുമാരി.ജാമ്യത്തിനെതിരെയുള്ള അപ്പീലില്‍ എതിര്‍ കക്ഷിയാക്കാനാണ് തീരുമാനം. നാളെ ഹൈക്കോടതിയിലാണ് അപ്പീൽ നൽകുന്നത്. പ്രതി ഹരീഷ്കുമാറിനെ കസ്റ്റഡിയിൽ വേണ്ടെന്നാണ് ഗീനാകുമാരി കോടതിയിൽ വാദിച്ചത്. ജാമ്യത്തിനെതിരെയുള്ള പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായാണ് ഇങ്ങനെ വാദിച്ചത്.
അതേസമയം ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അരുള്‍ ബി കൃഷ്ണ പരാതി നല്‍കിയിരുന്നു. പ്രോസിക്യൂട്ടര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നുമാണ് കമ്മീഷണര്‍ പരാതിയില്‍ പറഞ്ഞത്. പോലീസ് റിപ്പോര്‍ട്ടിന് കടകവിരുദ്ധമായി വാദിച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.






