
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുന്നതിനായുള്ള സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നു. യുസിസിയുമായി ബന്ധപ്പെട്ട ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിനിയമങ്ങളിൽ നിലവിലുള്ള മതാടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങൾക്ക് പകരം എല്ലാവർക്കും ഒരേ സിവിൽ നിയമം നടപ്പാക്കുകയെന്നതാണ് യുസിസിയുടെ ലക്ഷ്യം.
ഭരണപരവും സാമൂഹികവുമായ പരിഷ്കാരത്തിന്റെ ഭാഗമായാണ് ബിജെപി ഈ നിയമത്തെ അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു യുസിസി. ബിൽ നിയമസഭയിലെത്തുന്നതോടെ ശക്തമായ രാഷ്ട്രീയ ചർച്ചകളും പ്രതിഷേധങ്ങളും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വിവിധ രാഷ്ട്രീയ പാർട്ടികളും സാമൂഹിക-മത സംഘടനകളും വിഷയത്തിൽ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. മതസ്വാതന്ത്ര്യവും ഭരണഘടനാ അവകാശങ്ങളും സംബന്ധിച്ച ചർച്ചകളും ഇതോടെ കൂടുതൽ സജീവമാകുമെന്നാണ് സൂചന.






