
ഫിഫ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലെ ഏറ്റവും ശ്രദ്ധേയമായ മത്സരമായി മാറിയത് പോർച്ചുഗലും കൊളംബിയയും തമ്മിലുള്ള പോരാട്ടം. ടിക്കറ്റിനായി ലോകമെമ്പാടുമുള്ള ആരാധകർ വൻ തിരക്കാണ് സൃഷ്ടിച്ചത്. നിരവധി പേർക്ക് ടിക്കറ്റ് ലഭിക്കാതെ നിരാശപ്പെടേണ്ടിവന്നപ്പോൾ, ലക്ഷങ്ങൾ ചെലവഴിച്ച് മുൻകൂട്ടി ടിക്കറ്റ് സ്വന്തമാക്കിയവരും ഏറെയായിരുന്നു.
മത്സരം നേരിൽ കാണാൻ പ്രമുഖരുടെ നീണ്ട നിര തന്നെ സ്റ്റേഡിയത്തിലെത്തി. എൻബിഎ താരം ജിമ്മി ബട്ലർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ എന്നിവരടക്കം രാഷ്ട്രീയ, സിനിമ, കായിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. ആകെ 64,478 ആരാധകരാണ് ഗാലറിയിൽ ആവേശം നിറച്ചത്.
ഫിഫ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഈ ഒരൊറ്റ മത്സരത്തിനായി രണ്ട് കോടിയിലധികം ടിക്കറ്റ് അപേക്ഷകളാണ് ലഭിച്ചത്. മത്സരത്തിന് ദിവസങ്ങൾ മുമ്പേ ടിക്കറ്റ് വില 3,000 ഡോളറിന് (ഏകദേശം 2.5 ലക്ഷം രൂപ) മുകളിലെത്തി. മത്സരദിനം വരെയും ആ ഉയർന്ന നിരക്ക് തുടർന്നു.
മൈതാനത്ത് പോർച്ചുഗലും കൊളംബിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞെങ്കിലും, മുഴുവൻ 90 മിനിറ്റും ആവേശം നിറഞ്ഞ പോരാട്ടത്തിനാണ് ആരാധകർ സാക്ഷ്യംവഹിച്ചത്.
ഈ വർഷത്തെ അമേരിക്കൻ സൂപ്പർ ബൗളിന്റെ ശരാശരി ടിക്കറ്റ് നിരക്ക് 2,000 ഡോളറിന് മുകളിലായിരുന്നുവെങ്കിലും, പോർച്ചുഗൽ-കൊളംബിയ മത്സരം ആ റെക്കോർഡും മറികടന്നു. നാല് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾക്കായി 16,000 ഡോളർ (ഏകദേശം 13 ലക്ഷം രൂപ) ചെലവഴിച്ച ഒരു ആരാധകൻ പറഞ്ഞത്, "ഇത്ര വലിയ മത്സരത്തിന് ഈ തുക വലിയ കാര്യമല്ല" എന്നായിരുന്നു.






