
തന്റെ കുടുംബത്തിനെതിരെയും അമ്മ സിന്ധു കൃഷ്ണയ്ക്കെതിരെയും സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടി അഹാന കൃഷ്ണ. കസിൻ തൻവി പങ്കുവെച്ച ഒരു വീഡിയോ വലിയ രീതിയിൽ തെറ്റിദ്ധരിക്കപ്പെടുകയും കുടുംബത്തിന് നേരെ സൈബർ ആക്രമണം ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് യൂട്യൂബിലൂടെ താരം സത്യവസ്ഥ വെളിപ്പെടുത്തിയത്.
കുടുംബത്തിലെ വ്യക്തിപരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത് തരംതാണ പരിപാടിയാണെന്നും, എന്നാൽ അമ്മയെ നിരന്തരം മോശക്കാരിയായി ചിത്രീകരിക്കുന്നത് കണ്ടുനിൽക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും അഹാന വ്യക്തമാക്കി. കുടുംബത്തിൽ സ്ഥിരമായി പ്രശ്നം ഉണ്ടാക്കുന്ന വ്യക്തിയാണ് അമ്മൂമ്മയെന്നും, പ്രായമായ ആളെന്നു കരുതി പലതും ക്ഷമിച്ചെങ്കിലും ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അവർ വിളിച്ചു പറഞ്ഞെന്നും അതിന്റെ പേരിലാണ് അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും അഹാന പറഞ്ഞു.
അഹാനയുടെ വാക്കുകൾ:
ഞങ്ങളും അമ്മൂമ്മയും തമ്മിൽ ബന്ധപ്പെടാതിരിക്കുന്നതിനും അപ്പൂപ്പൻ മരിക്കുന്നതിനും ഒരു ബന്ധവുമില്ല. 2025 ഒക്ടോബർ 31നാണ് അമ്മൂമ്മയുമായുള്ള ബന്ധം മുറിയുന്നത്. ഇഷാനിയുടെ പിറന്നാളിന് ഒരു ദിവസം മുൻപ്. ഇഷാനിയുടെ ബർത്ത്ഡേ പാർട്ടിയിൽ അപ്പൂപ്പനും അമ്മൂമ്മയും വരാനിരുന്നതാണ്. അമ്മൂമ്മയുമായി വലിയൊരു പ്രശ്നം ഉണ്ടായതുകൊണ്ടാണ് അവർ വരാതെ ഇരുന്നത്. പിന്നെ ഞങ്ങളെല്ലാവരും അമ്മൂമ്മയെ കാണുന്നത് അപ്പൂപ്പൻ മരിക്കുന്ന ദിവസമാണ്, അതായത് 2026 മാർച്ച് 29.
അമ്മൂമ്മയെക്കുറിച്ച് ഇതു പറയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല, എന്നാലും പറയുകയാണ്... അമ്മൂമ്മ എപ്പോഴും ഒരു പ്രശ്നക്കാരിയായിരുന്നു. അമ്മൂമ്മയുമായി ഒത്തുപോവാൻ ബുദ്ധിമുട്ടാണ്. അപ്പൂപ്പൻ നല്ലൊരു പാരന്റ് ആയിരുന്നു. ഞങ്ങളും കുഞ്ഞുനാൾ മുതൽ അമ്മൂമ്മയുടെ ഭ്രാന്തൻ സ്വഭാവങ്ങൾ കാണുന്നതാണ്. ഞങ്ങളെപ്പോഴും അതു പോട്ടെയെന്നു വയ്ക്കും.
അപ്പൂപ്പൻ വയ്യാതെ ആയപ്പോൾ അമ്മൂമ്മയുടെ സ്വഭാവം കുറച്ചൂടെ മോശമായി. അപ്പൂപ്പന് വീട്ടിൽ ഒരു ഹോം നഴ്സിനെ സ്ഥിരമായി വേണ്ട അവസ്ഥ വന്നു. അമ്മൂമ്മയ്ക്ക് ഭയങ്കര വൃത്തി പ്രാന്താണ്. അതു കൂടിക്കൂടി ആരും വീട്ടിൽ വരുന്നത് ഇഷ്ടമല്ലാതായി. അതുകൊണ്ട് ഹോം നഴ്സ് വീട്ടിലുള്ളത് അമ്മൂമ്മയ്ക്ക് കംഫർട്ടബിൾ അല്ലായിരുന്നു. അതുകൊണ്ട് ഇവർ ഓരോ പ്രശ്നമുണ്ടാക്കും, അതോടെ ഹോം നഴ്സ് പോകും. സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് 15 ഹോം നഴ്സ് എങ്കിലും വന്നു പോയിട്ടുണ്ടാകും. അമ്മൂമ്മയുടെ ഉപദ്രവം സഹിക്ക വയ്യാതെയാണ് അവർ പോയത്. ഹോം നഴ്സാണ് അപ്പൂപ്പനെ ബാത്ത്റൂമിൽ കൊണ്ടുപോകുന്നതെന്നു പറഞ്ഞ് അപ്പൂപ്പനെ ബെഡ് റൂമിൽ കിടത്താതെ ഹാളിലാണ് കിടത്തികൊണ്ടിരുന്നത്. ഇതൊക്കെ കാണുമ്പോൾ പുള്ളിക്കാരിയുമായി അടി ഉണ്ടാകില്ലേ? അപ്പൂപ്പന്റെ ആരോഗ്യകാര്യം പറഞ്ഞാണ് ഞങ്ങൾ തമ്മിൽ അടിയാകുന്നത്.
ഒരു ദിവസം രാവിലെ ഹോം നഴ്സ് വിളിച്ചു പറഞ്ഞു, "അപ്പൂപ്പന്റെ മൂക്കിൽ നിന്ന് രക്തം വരുന്നു... എന്നെ അമ്മൂമ്മ വീട്ടിൽ കയറ്റുന്നില്ല. എന്തു ചെയ്യും?" എന്ന്. ഈ പ്രശ്നത്തിന്റെ ഇടയിൽ വളരെ മോശമായ കാര്യങ്ങൾ അമ്മൂമ്മ പറഞ്ഞു. ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത തരത്തിലുള്ള മോശം കാര്യങ്ങളാണ് വിളിച്ചു പറഞ്ഞത്. അത്രയും വൃത്തികേട് പറഞ്ഞപ്പോൾ ഞങ്ങൾ തീരുമാനിച്ചു, ആ ബന്ധം അകറ്റി തന്നെ നിറുത്താം എന്ന്. അമ്മൂമ്മയ്ക്ക് വ്യക്തമായി അറിയാം, എന്തുകൊണ്ട് ഞങ്ങൾ വിളിക്കുന്നില്ല എന്ന്. അന്ന് അമ്മൂമ്മ എനിക്കെതിരെ മോശമായി പറഞ്ഞതിന്റെ വോയ്സ് നോട്ട് ഫാമിലി ഗ്രൂപ്പിൽ ഇട്ടപ്പോൾ അനുഭാവപൂർവം പ്രതികരിച്ച വ്യക്തിയാണ് തൻവി. യഥാർഥ കാരണങ്ങൾ തൻവിക്കും അറിയാം. എന്നിട്ട് കാനഡയിൽ നിന്ന് വീഡിയോ കോൾ ചെയ്യുന്നു, അമ്മൂമ്മയെക്കൊണ്ട് പറഞ്ഞു പറയിപ്പിക്കുന്ന പോലെ ഓരോന്നു ചെയ്യുന്നു. അതെടുത്ത് വ്ലോഗിൽ ഇടാൻ തൻവി കാണിച്ച മനസ്സ്! എനിക്കൊന്നുമില്ല പറയാൻ! പ്രായമായ ആളല്ലേ എന്നു കരുതി എല്ലാ കാര്യങ്ങളും അങ്ങനെ ക്ഷമിച്ചു വിടാൻ കഴിയില്ല.
തൻവി പങ്കുവച്ച വിഡിയോ ഞങ്ങളുടെ കുടുംബത്തിനെതിരെ ഒരു നെഗറ്റിവ് ഇംപാക്ട് ഉണ്ടാക്കി. അച്ഛൻ എന്നത്തെയും പോലെ പറഞ്ഞു, സത്യം നമ്മുടെ ഭാഗത്താണെങ്കിൽ നിശബ്ദമായിരിക്കുന്നതാണ് നല്ലത് എന്ന്. അതാണ് മികച്ച ആയുധം. ഇതാദ്യമായല്ല ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് ഇതുപോലെ കള്ളങ്ങൾ പറയുന്നത്. പക്ഷേ, അച്ഛൻ പറഞ്ഞപോലെ നിശബ്ദയായിരിക്കാൻ എനിക്ക് പറ്റില്ല. ഇവിടെ ടാർഗറ്റ് ചെയ്യപ്പെടുന്നത് എന്റെ അമ്മയാണ്. കുടുംബത്തിനുള്ളിൽ നടക്കുന്ന ഡ്രാമ സമൂഹമാധ്യമങ്ങളിൽ വന്നു പറയുന്നത് മോശമാണ്. പുതിയ വ്ലോഗിനുള്ള കണ്ടന്റ് ആയല്ലോ എന്നു പറയുന്നവരുണ്ട്. ഒന്നോർക്കുക, ഞങ്ങൾ അത്തരക്കാരല്ല. പക്ഷേ, ഇതിങ്ങനെ വന്നു പറയേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. 'തൻവിയല്ലേ, വിട്ടു കളയൂ' എന്നാണ് അമ്മയുടെ നിലപാട്. പക്ഷേ എനിക്ക് പറ്റില്ല.






