
നടി ഹണി റോസിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി വ്യവസായി ബോബി ചെമ്മണൂര്‍. തന്റെ പ്രസ്താവനകള്‍ നടിക്കും കുടുംബത്തിനും വലിയ രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ബോബി ചെമ്മണൂര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
''എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, യഥാര്‍ഥത്തില്‍ ഞാന്‍ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്നേഹത്തോടും പരിഗണനയോടും കൂടി മാത്രം പെരുമാറുന്ന ഒരു വ്യക്തിയാണ്. ഞാന്‍ ഒരിക്കലും മനഃപൂര്‍വം ആരെയും ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല, ഒപ്പം സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും ശ്രമിക്കാറുമുണ്ട്. ഞാന്‍ എപ്പോഴെങ്കിലും സോഷ്യല്‍ മീഡിയയില്‍ തമാശകളും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ടെന്നത് ശരിയാണ്, എന്നാല്‍ അവയൊന്നും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെ ചെയ്തതല്ല'' , ബോബി കുറിച്ചു.
ഹണി റോസിനെക്കുറിച്ച് ഞാന്‍ നടത്തിയ പ്രസ്താവനകള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും വലിയ മാനസികവിഷമം ഉണ്ടാക്കിയതായി ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. ഞാന്‍ വരുത്തിവച്ച ബുദ്ധിമുട്ടുകള്‍ക്ക് ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകളുടെയും അവ ഉണ്ടാക്കിയ ആഘാതത്തിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
ഒരു ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികച്ചുവയുളളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമര്‍ശങ്ങള്‍ക്കെതിരെ ഹണി റോസ് നിയമപോരാട്ടത്തിന് ഇറങ്ങിയതാണ് ഇരുവരും തമ്മിലുളള വിവാദത്തിന് കാരണമായത്.ബോബി ചെമ്മണ്ണൂരിനെതിരെ നടി പോലീസില്‍ പരാതിയും നല്കി. ഹണി റോസിന്റെ പരാതിയില്‍ ബോബിയെ പോലീസ് അറസ്റ്റുചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.






