
അന്തരിച്ച പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജിനെ അനുസ്മരിച്ച് നടൻ റഹ്മാൻ. കേവലം വിനോദത്തിനപ്പുറം പ്രേക്ഷകരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ അപൂർവ്വം സംവിധായകരിൽ ഒരാളായിരുന്നു ഭാഗ്യരാജെന്ന് റഹ്മാൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അദ്ദേഹത്തിന്റെ കഥപറച്ചിൽ രീതി അത്രമേൽ യഥാർത്ഥ ജീവിതത്തിൽ വേരൂന്നിയതായിരുന്നുവെന്നും, ഇന്റർനെറ്റ് യുഗം വരുന്നതിനും എത്രയോ മുൻപ് തന്റെ അപാരമായ ഭാവനയിലൂടെ അദ്ദേഹം എക്കാലത്തെയും മികച്ച കുടുംബചിത്രങ്ങൾ സൃഷ്ടിച്ചുവെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.
"ചില ചലച്ചിത്രപ്രവർത്തകർ നമ്മളെ വെറുതെ രസിപ്പിക്കുന്നു. എന്നാൽ വളരെ ചുരുക്കം ചിലർ നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറാറുണ്ട്. ശ്രീ ഭാഗ്യരാജ് സർ അവരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ സിനിമകളും കണ്ടാണ് ഞാൻ വളർന്നത്, അതിൽ ചിലത് എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കും. നമ്മളെ പുഞ്ചിരിപ്പിക്കുകയും ചിരിപ്പിക്കുകയും ചിലപ്പോഴൊക്കെ കരയിപ്പിക്കുകയും ചെയ്യുന്ന സ്നേഹവും തമാശയും വികാരങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കഥകൾ.
അദ്ദേഹത്തോടൊപ്പം ഒന്നിച്ച് പ്രവർത്തിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടില്ലെങ്കിലും, ഈ വർഷങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ കൈകളിൽ നിന്ന് ചില സ്മരണികകൾ സ്വീകരിക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി ഞാൻ കരുതുന്നു. ഞങ്ങളുടെ എൺപതുകളിലെ അഭിനേതാക്കളുടെ ഒത്തുചേരലുകളിലൂടെ അദ്ദേഹത്തെ കുറച്ചുകൂടി അടുത്തറിയാനും ഒരു ആജീവനാന്ത ആരാധകനെന്ന നിലയിൽ എന്റെ ബഹുമാനം പങ്കുവെക്കാനും എനിക്ക് സാധിച്ചു.
അദ്ദേഹത്തിലെ മികച്ച ചലച്ചിത്രകാരൻ എന്നതിലുപരി എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചത് അദ്ദേഹത്തിന്റെ വിനയമാണ്. ഇന്ത്യൻ സിനിമയ്ക്ക് നിരവധി മറക്കാനാവാത്ത ക്ലാസിക്കുകൾ സമ്മാനിച്ച ഒരു വ്യക്തിയായിരുന്നിട്ടും, ആ മഹത്വമെല്ലാം വളരെ ലളിതമായും ശാന്തമായും അദ്ദേഹം കൊണ്ടുനടന്നു. അത് വളരെ അപൂർവമായ ഒരു ഗുണമാണ്. ഞാൻ ഏറ്റവും കൂടുതൽ ആരാധിച്ച ചലച്ചിത്രപ്രവർത്തകരിൽ ഒരാളായി നിങ്ങൾ എപ്പോഴും നിലകൊള്ളും. ആദരാഞ്ജലികൾ, ഭാഗ്യരാജ് സർ. നിങ്ങളുടെ കഥകൾ എന്നെന്നും ജീവിക്കും."റഹ്മാന്റെ വാക്കുകൾ.
ശനിയാഴ്ച രാവിലെയാണ് 73 കാരനായ ഭാഗ്യരാജ് ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. സിനിമാ - രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ഉൾപ്പെടെ നിരവധിപ്പേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു.
തമിഴ്നാട് സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഞായറാഴ്ച ഉച്ചയ്ക്ക് ചെന്നൈ ബസന്റ് നഗർ വൈദ്യുത ശ്മശാനത്തിലായിരുന്നു ഭാഗ്യരാജിന്റെ ഭൗതികശരീരം സംസ്കരിച്ചത്. മകനും അഭിനേതാവുമായ ശന്തനുവാണ് പിതാവിന്റെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്.






