
മക്കൾക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബോളിവുഡ് താരം സോനം കപൂർ. ഇളയ മകൻ രുദ്രലോകും മൂത്തമകൻ വായുവും ഒന്നിച്ചുള്ള ഹൃദയസ്പർശിയായ ചിത്രങ്ങളാണ് സോനം ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.
ലൈഫ് ലേറ്റ്ലി' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീട്ടിലും പുറത്തുമായി കുടുംബത്തോടൊപ്പം ചെലവഴിച്ച ശാന്തമായ നിമിഷങ്ങളാണ് ചിത്രങ്ങളിലുള്ളത്. മൂത്തമകൻ വായു ചിത്രരചനയിലും ക്രാഫ്റ്റ് ജോലികളിലും ഏർപ്പെടുന്നതും, ഭർത്താവ് ആനന്ദ് അഹൂജയോടൊപ്പം മഴ ആസ്വദിക്കുന്നതും, സഹോദരി റിയ കപൂറിനോടൊപ്പമുള്ള നിമിഷങ്ങളും ഇതിലുണ്ട്.
എന്നിരുന്നാലും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് പോസ്റ്റിലെ അവസാന ചിത്രമാണ്. തന്റെ രണ്ട് ആൺമക്കളെയും അരികിൽ ചേർത്തുപിടിച്ച് സോനം കഥ പറഞ്ഞു കൊടുക്കുന്ന ചിത്രമാണത്. കുഞ്ഞു രുദ്രലോകിന്റെ മുഖം പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചിത്രത്തിലെ ഭാഗിക ദൃശ്യം തന്നെ ആരാധകരെ ഏറെ സന്തോഷിപ്പിച്ചു.
കുട്ടികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിക്കാറുള്ള സോനവും ആനന്ദും സാധാരണയായി മക്കളുടെ മുഖം പൂർണ്ണമായി ദൃശ്യമാകുന്ന ചിത്രങ്ങൾ പങ്കുവെക്കാറില്ല. ഈ ചിത്രങ്ങളിലും ആ പതിവ് അവർ തെറ്റിച്ചില്ല. കുട്ടികൾ എത്ര പെട്ടെന്നാണ് വളരുന്നതെന്നും ഈ സുന്ദരമായ കാലഘട്ടം പരമാവധി ആസ്വദിക്കണമെന്നും ആരാധകർ കമന്റായി കുറിക്കുന്നുണ്ട്.
2018 ലാണ് സോനവും വ്യവസായി ആനന്ദ് അഹുജയും വിവാഹിതരായത്. 2022 ലാണ് ഇരുവർക്കും മൂത്തമകൻ വായു ജനിക്കുന്നത്. തുടർന്ന് കഴിഞ്ഞ മാർച്ച് 29 നാണ് ദമ്പതികൾക്ക് രണ്ടാമത്തെ മകൻ രുദ്രലോക് ജനിച്ചത്. അതേസമയം, ഷോം മഖിജ സംവിധാനം ചെയ്ത 'ബ്ലൈൻഡ്' എന്ന ചിത്രത്തിലാണ് സോനം അവസാനമായി അഭിനയിച്ചത്.






