
തിരുവനന്തപുരം: പ്രമുഖ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥരെയും ധനകാര്യ വിഭാഗം ജീവനക്കാരെയും ലക്ഷ്യമിട്ട് നടക്കുന്ന 'ബോസ് സ്‌കാം' (Boss Scam) അഥവാ 'CEO Impersonation Fraud' എന്ന പുതിയ തരത്തിലുള്ള സൈബര്‍ തട്ടിപ്പിനെതിരെ പൊലീസ് ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി.
ആര്‍ബിഐയുടെയോ ഔദ്യോഗിക ഓഡിറ്റ് സംഘങ്ങളുടെയോ പേരില്‍ വ്യാജ അടിയന്തര സന്ദേശങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ് തട്ടിപ്പുകാരുടെ ആദ്യ നീക്കം. തുടര്‍ന്ന്, മാല്‍വെയര്‍ ഒളിപ്പിച്ച സിപ് ഫയലുകള്‍ അയച്ച് സ്ഥാപനങ്ങളുടെ കംപ്യൂട്ടറുകളിലേക്ക് അനധികൃത പ്രവേശനം നേടുന്നു. ഇതിനൊപ്പം സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിക്കുകയോ അവരുടെ അക്കൗണ്ടുകള്‍ കൈവശപ്പെടുത്തുകയോ ചെയ്യുന്നു.
കംപ്യൂട്ടറുകളുടെ നിയന്ത്രണം നേടിയ ശേഷം ജീവനക്കാരുടെ വാട്‌സ്ആപ്പ് വെബ് ഉപയോഗിച്ച് സിഇഒമാരുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുകയും, അടിയന്തരമായി പണം കൈമാറാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ഇതുവഴി സ്ഥാപനങ്ങളുടെ പണം തട്ടിയെടുക്കുന്നതാണ് ഈ സൈബര്‍ തട്ടിപ്പിന്റെ പ്രധാന രീതി.






