
തൃശൂര്‍: തെരുവ്‌നായ ശല്യം കാരണം യുപി സ്‌കൂളില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പഠനം മുടങ്ങി. ചൂണ്ടല്‍ ഗവ. യുപി സ്‌കൂളിനാണ് അവധി നല്‍കിയിരിക്കുന്നത്. തെരുവ് നായ്ക്കളെ മാറ്റാതെ കുട്ടികളെ സ്‌കൂളില്‍ വിടില്ലെന്ന നിലപാടിലാണ് കുട്ടികളുടെ മാതാപിതാക്കള്‍. കുട്ടികള്‍ സ്‌കൂളില്‍ എത്താത്ത സാഹചര്യത്തില്‍ പഞ്ചായത്തും നാട്ടുകാരും പിടിഎ യുമെല്ലാം ചേര്‍ന്ന് നായ്ക്കളെ പിടികൂടാനുള്ള നീക്കത്തിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പ്രശ്‌നം രൂക്ഷമായിരിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്തിനെ അറിയിക്കുകയും പഞ്ചായത്ത് ഡോഗ് ക്യാച്ചര്‍മാരെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ സ്‌കൂളില്‍ ശല്യമുണ്ടാക്കുന്ന നാലു നായ്ക്കളെ പിടികൂടിയിട്ടുണ്ട്. നായ്ക്കള്‍ക്ക് പേവിഷബാധ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ഇവിടെ ഉണ്ടായിരുന്ന ഒരു ഏഴാംക്ലസ്സുകാരന് പട്ടികടിയേല്‍ക്കുകയും ആ നായയ്ക്ക് പേ വിഷബാധ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായിരുന്നു. നായയെ പിടികൂടാന്‍ വലിയ ശ്രമങ്ങളാണ് നടന്നുവരുന്നത്.
കഴിഞ്ഞ ദിവസം രാത്രി 12 മണിവരെ ഡോഗ് ക്യാച്ചേഴ്‌സ് ശ്രമം നടത്തിയിരുന്നു. അതേസമയം സ്‌കൂളില്‍ ഉണ്ടായിരുന്ന അഞ്ചു നായ്ക്കളില്‍ നാലെണ്ണത്തിനെ ഇതിനകം പിടികൂടി. എന്നാല്‍ പ്രസവം കഴിഞ്ഞ ഒരു തള്ളപ്പട്ടിയാണ് പ്രശ്‌നമാകുന്നത്. ഇതിനെ പിടികൂടാനായിട്ടില്ല. ഇതിന്റെ കുഞ്ഞുങ്ങളെ ഷെല്‍ട്ടറിലേക്ക് മാറ്റിയിരുന്നു. നാട്ടുകാരും ജനപ്രതിനിധികളും പിടിഎ അംഗങ്ങളുമെല്ലാം നായ്ക്കളെ പിടികൂടാനുള്ള നീക്കത്തിലാണ്. പിടികൂടിയ നാലു നായ്ക്കളെയും ഷെല്‍ട്ടറിലേക്ക് മാറ്റിയിരിക്കുകയാണ്.






