
തിരുവനന്തപുരം: എന്‍ ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധമുണ്ടെന്നും തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജിക്ക് ഇതൊന്നും ബോധ്യപ്പെട്ടിട്ടില്ലെന്നും തുറന്നടിച്ചു കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരില്‍ കണ്ട് അറിയിക്കുകയും ചെയ്തിരിക്കുകയാണ്. അതേസമയം ശേഷാദ്രിനാഥന്റെ നിയമനത്തിന് ശുപാര്‍ശ നല്‍കിയത് മുഖ്യമന്ത്രിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തില്‍ യുഡിഎഫില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. കേരളത്തിലെ സുപ്രധാനമായ പദവിയാണെന്നും ഗവര്‍ണര്‍ ഒപ്പ് വച്ചാല്‍ പിന്നെ മാറ്റാന്‍ കഴിയില്ലെന്നും പിഎം നിയാസ് പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശനെ കാണാന്‍ ശ്രമിക്കുമെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും നിയാസ് ആഭ്യന്തരമന്ത്രിയെ ബോധിപ്പിച്ചു.
എന്‍ ശേഷാദ്രിനാഥന്റെ കഴിഞ്ഞകാല സമൂഹമാധ്യമ ഇടപെടലിനെ കുറിച്ച് അന്വേഷിക്കണമെന്ന് നിയാസ് ആവശ്യപ്പെട്ടു. മന്ത്രിക്ക് അതിന്റെ കോപ്പികള്‍ എല്ലാം നല്‍കുമെന്നും വകുപ്പ് മന്ത്രിക്ക് അങ്ങനെയെങ്കിലും ബോധ്യപ്പെടട്ടെയെന്ന് നിയാസ് പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് അപ്രത്യക്ഷമായിരിക്കുകയാണ്. ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ അതെല്ലാം എവിടെപ്പോയി എന്നും അദേഹം ചോദിച്ചു.
എന്‍. ശേഷാദ്രിനാഥനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് പരിശോധിച്ച ശേഷമാണെന്നായിരുന്നു നേരത്തേ തദ്ദേശമന്ത്രി കെ എം ഷാജിയുടെ പ്രതികരണം. അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തിന് യോഗ്യനാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമിച്ചതെന്നും മന്ത്രി കെ എം ഷാജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിഎം നിയാസ് വിമര്‍ശനം കടുപ്പിച്ചിരിക്കുന്നത്.






