
തിരുവനന്തപുരം: അടുത്ത ലോക്സഭാ തെരഞ്ഞെട്ടുപ്പിനെ അതീവ ഗൗരവത്തോടെ കാണുന്ന ബിജെപി സംസ്ഥാന ഘടകം ഒരു ശക്തമായ നേതൃനിരയെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോർട്ടുകൾ. ഇതിനായി, നേതാവാൻ യോഗ്യതയുള്ളവർ നേതൃപരിശീലന ക്ലാസുകളിൽ പങ്കെടുക്കുകയും പരീക്ഷ ജയിക്കുകയും വേണമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിർദേശം നൽകിയതായാണ് സൂചന.
പ്രശിക്ഷൺ ശിബിരം എന്ന പേരിലുള്ള ക്ലാസുകളിൽ ബൂത്ത് തലത്തിൽ നിന്നുള്ളവർ പങ്കെടുക്കണം. ഇവർ മണ്ഡല അടിസ്ഥാനത്തിലായിരിക്കും ക്ലാസുകളും പരീക്ഷയും നടത്തുക. സംഘടനയെക്കുറിച്ച് വ്യക്തമായ ബോധ്യം വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേതൃനിരയിലെത്താൻ പരീക്ഷ പാസ്സാവുക നിർബന്ധമാണ്.
ഡിജിറ്റൽ ക്ലാസ്സുകളായിരിക്കും ഇതിന്റെ ഒരു പ്രത്യേകത. പരമാവധി ഡിജിറ്റൽ സാക്ഷരത ഉറപ്പിക്കുന്നതിനും പാർട്ടിയുടെ വെബ്സൈറ്റിലും ആപ്പിലും മറ്റും വിവരങ്ങൾ ചേർക്കുന്നത് അടക്കമുള്ള അറിവുകൾ ക്ലാസുകളിൽ നിന്ന് ലഭിക്കും. സംഘടനാപരവും ആശയപരവും ആയ ക്ലാസുകൾ ആയിരിക്കും നൽകുക.
വരുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി രണ്ടാം സ്ഥാനത്തു വന്ന മണ്ഡലങ്ങളിൽ പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ആ മണ്ഡലത്തിന്റെ പ്രഭാരിയാക്കാനാണ് തീരുമാനം. രാജീവ് ചന്ദ്രശേഖർ ആയിരിക്കും തിരുവനന്തപുരത്തെ പ്രഭാരി.






