
ബ്രാന്‍ഡ് നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മാരുതിയുടെ ടോപ്പ് സെല്ലിംഗ് എസ്യുവിയായ വിക്ടോറിസിനെ വില വര്‍ധനവില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ് മാരുതി. മാരുതി വിക്ടോറിസിന്റെ ബേസ് വേരിയന്റ് ഇപ്പോഴും 10,49,900 രൂപയുടെ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാണ്. എന്നാല്‍ എട്ട് വ്യത്യസ്ത കോണ്‍ഫിഗറേഷനുകളിലായി 38,900 രൂപയുടെ വലിയ വിലക്കുറവ് വിക്ടോറിസ് നിരയില്‍ ലഭിച്ചിട്ടുണ്ട്. ഈ വിലക്കുറവുകള്‍ പെട്രോള്‍ വേരിയന്റിന് മാത്രമേ ബാധകമാകൂ.
സിഎന്‍ജി അല്ലെങ്കില്‍ ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് വിലക്കുറവോ വില വര്‍ധനവോ ഉണ്ടായിട്ടില്ല. വില കുറച്ചുവെങ്കിലും എസ്യുവിയില്‍ യാതൊരു വിധ മാറ്റങ്ങളും സംഭവിച്ചിട്ടുമില്ല. 2025 സെപ്റ്റംബറില്‍ വിപണിയിലെത്തിയ മാരുതി സുസുക്കിയുടെ രണ്ടാമത്തെ മിഡ്-സൈസ് എസ്യുവിയായ വിക്ടോറിസ് വെറും 8 മാസത്തിനുള്ളില്‍ 1 ലക്ഷം യൂണിറ്റ് വില്‍പ്പന മറികടന്നിരുന്നു. അവതരിപ്പിച്ച് വെറും 5 മാസത്തിനുള്ളില്‍ ആദ്യത്തെ 50,000 വില്‍പ്പന നാഴികക്കല്ല് പിന്നിട്ട വാഹനം പിന്നീട് 3 മാസത്തിലാണ് 1 ലക്ഷം കവിയുന്നത് എന്നതും ശ്രദ്ധേയമാണ്. 2026 ജനുവരി മുതല്‍ ഓരോ മാസവും പതിനായിരം യൂണിറ്റുകള്‍ക്ക് മുകളില്‍ വിറ്റഴിക്കാനും കമ്പനിക്ക് കഴിയുന്നുണ്ട്.
LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O) എന്നിങ്ങനെ വ്യത്യസ്ത വേരിയന്റുകളിലാണ് വിക്ടോറിസ് വാങ്ങാനാവുക. പുതിയ കണക്കുകള്‍ പ്രകാരം മാരുതി അരീന ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്ന എസ്യുവിക്ക് 10.77 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷ രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. എല്‍ഇഡി ഡിആര്‍എല്‍, പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, എല്‍ഇഡി ലൈറ്റിംഗ്, 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, ടെയില്‍ഗേറ്റിലെ എല്‍ഇഡി ലൈറ്റ് ബാര്‍, സില്‍വര്‍ നിറമുള്ള റൂഫ് റെയിലുകള്‍ എന്നിവയാണ് വിക്ടോറിസിനെ ഗ്ലാമറാക്കുന്നത്. ആകര്‍ഷകമായ 10 വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലും വിക്ടോറിസ് സ്വന്തമാക്കാനാവും.
വലിയ 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡോള്‍ബി അറ്റ്മോസ് മ്യൂസിക് സിസ്റ്റം, വെന്റിലേറ്റഡ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ലെവല്‍ 2 ADAS സ്യൂട്ട്, ജെസ്റ്റര്‍ കണ്‍ട്രോളോടുകൂടിയ പവര്‍ഡ് ടെയില്‍ഗേറ്റ്, അണ്ടര്‍ബോഡി സിഎന്‍ജി ടാങ്ക്, പനോരമിക് സണ്‍റൂഫ്, 60W, 45W യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, HUD, ആംബിയന്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളെല്ലാം മാരുതി സുസുക്കി വിക്ടോറിസില്‍ ലഭ്യമാണ്.
1.5 ലിറ്റര്‍, 4 സിലിണ്ടര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ സ്‌ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി ഓപ്ഷന്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളാണ് മാരുതി സുസുക്കി വിക്ടോറിസിന് തുടിപ്പേകാനായി എത്തുന്നത്. കൂട്ടിന് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളും കമ്പനി നല്‍കുന്നുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റ്, ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് എന്നീ ഇടിപ്പരീക്ഷയില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ മാരുതി സുസുക്കിയുടെ ആദ്യ എസ്യുവി കൂടിയാണിത്.






