
ഇന്ത്യന്‍ വിപണിയില്‍ ബജാജ് കൊണ്ടുവന്ന ഏറ്റവും പുതിയ പള്‍സര്‍ മോഡലായിരുന്നു N125. പള്‍സര്‍ ക്ലാസിക്, NS125 ആവര്‍ത്തനങ്ങള്‍ക്ക് ശേഷം രാജ്യത്ത് വില്‍പ്പനയ്ക്കെത്തുന്ന മൂന്നാമത്തെ 125 സിസി പള്‍സര്‍ എന്ന ഖ്യാതിയും ഇതിനുണ്ടായിരുന്നു. എല്‍ഇഡി ഡിസ്‌ക്, എല്‍ഇഡി ഡിസ്‌ക് ബിടി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന കമ്മ്യൂട്ടര്‍ സ്‌പോര്‍ട് ബൈക്ക് ആകര്‍ഷകമായ വിലയിലാണ് വാഗ്ദാനം ചെയ്തതും. ബൈക്ക് അഡ്വൈസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പള്‍സര്‍ N125 കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഡീലര്‍മാരിലേക്ക് ബൈക്ക് എത്തിക്കുന്നത് പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ മോഡല്‍ നിര്‍ത്തലാക്കിയെങ്കിലും വിദേശ വിപണികള്‍ക്കായുള്ള ഉത്പാദനം തുടരുകയാണിപ്പോള്‍. നേപ്പാള്‍, പെറു, കൊളംബിയ, മൊറോക്കോ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ബജാജ് പള്‍സര്‍ N125 കയറ്റിയയക്കുന്നുണ്ട്. ഇന്ത്യയില്‍ 2 വേരിയന്റുകളിലും 6 കളര്‍ ഓപ്ഷനുകളിലുമാണ് ബജാജ് പള്‍സര്‍ N125 സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമായിരുന്നത്. പര്‍പ്പിള്‍ ഫ്യൂറി, കോക്ടെയ്ല്‍ വൈന്‍ റെഡ്, സിട്രസ് റഷ്, എബോണി ബ്ലാക്ക്, കരീബിയന്‍ ബ്ലൂ, പേള്‍ മെറ്റാലിക് വൈറ്റ് എന്നീ ഇടിവെട്ട് നിറങ്ങള്‍ മോഡലിന് വല്ലാത്തൊരു ആകര്‍ഷണവും നല്‍കിയിരുന്നു. N150 പതിപ്പില്‍ നിന്ന് 17 ഇഞ്ച് അലോയ് വീലുകള്‍ കടമെടുത്താണ് ബജാജ് N125 ഡിസൈന്‍ ചെയ്തതും.
125 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് പള്‍സര്‍ N125 മോഡലിന് തുടിപ്പേകാന്‍ എത്തിയിരുന്നത്. 5-സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരുന്ന എഞ്ചിന് 8,500 ആര്‍പിഎമ്മില്‍ 11.8 bhp കരുത്തും 6,000 ആര്‍പിഎമ്മില്‍ 11 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടായിരുന്നു.
പുതിയ ഷാസിയിലാണ് പണികഴിപ്പിച്ചിരിക്കുന്നതിനാല്‍ വെറും 125 കിലോഗ്രാം ഭാരം മാത്രമായിരുന്നു ബേബി NS പതിപ്പിനുണ്ടായിരുന്നത്. ബൈക്കിന് ഭാരം കുറവായതിനാല്‍ മികച്ച പവര്‍-ടു-വെയ്റ്റ് അനുപാതം ഉണ്ടായിരുന്നു. 9.5 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി, 30 mm ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, പിന്നില്‍ മോണോഷോക്ക്, 130 എംഎം റിയര്‍ ഡ്രം ബ്രേക്ക്, കോംബി ബ്രേക്കിംഗ് എന്നിവ സ്റ്റാന്‍ഡേര്‍ഡായി തന്നെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട് കമ്പനി. ഫീച്ചറുകളിലേക്ക് നോക്കിയാല്‍ ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോളായിരുന്നു മെയിന്‍.






