
2026 ജൂലൈ 23-ന് പുതിയ മാരുതി സുസുക്കി ബ്രെസ ഫെയ്സ്ലിഫ്റ്റ് വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. മുഖം മിനുക്കിയെത്തുന്ന കോംപാക്ട് എസ്യുവിയിലേക്ക്6 പുതിയ എക്സ്റ്റീരിയര്‍, നവീകരിച്ച ഇന്റീരിയര്‍, പുതിയ സവിശേഷതകള്‍, ഏറ്റവും പ്രധാനമായി ഒരു പുതിയ എഞ്ചിന് ഓപ്ഷന് എന്നിവയെല്ലാം ഇത്തവണ വന്നെത്തുന്നതായിരിക്കും. അടിസ്ഥാന രൂപം നിലവിലേതിന് സമാനമായിരിക്കുമെങ്കിലും ഫ്രഷ്നെസ് നല്കുവാനായി അല്ലറചില്ലറ മാറ്റങ്ങളെല്ലാം മാരുതി സുസുക്കി സമ്മാനിക്കുന്നതായിരിക്കും. ഇതില്‍ റീഡിസൈന്‍ ചെയ്ത ബമ്പറുകളും ലൈറ്റിംഗ് ഘടകങ്ങളും ഉള്‍പ്പെടുന്നതായിരിക്കും.
1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനോടൊപ്പം ഫ്രോങ്ക്സിന് കരുത്ത് പകരുന്ന മാരുതിയുടെ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും ബ്രെസ ഫെയ്സ്ലിഫ്റ്റിന് തുടിപ്പേകാനായി എത്തും. എസ്യുവിയുടെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നതിനൊപ്പം 1,200 സിസിയില്‍ താഴെയുള്ള പെട്രോള്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നാല് മീറ്ററില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് ബാധകമായ കുറഞ്ഞ നികുതി നിരക്കിന് യോഗ്യത നേടാനും ബ്രെസയ്ക്ക് സാധിക്കും. ഈ ചെറിയ എഞ്ചിന് എസ്യുവിയെ നിലവിലെ 40 ശതമാനം നിരക്കിന് പകരം 18 ശതമാനം കുറഞ്ഞ ജിഎസ്ടി നിരക്ക് നല്കിയാല് മതിയാവും. 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന് 100 bhp കരുത്തില്‍ പരമാവധി 147.6 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടെയാവും എസ്യുവി തെരഞ്ഞെടുക്കാനാവുക. നിലവിലുള്ള 1.5 ലിറ്റര്‍ NA എഞ്ചിന് പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളില്‍ വാങ്ങാനാവും.
ബ്രെസയ്ക്ക് നിലവിലെ മോഡലിനേക്കാള്‍ നേരിയ വില വര്‍ധനവും ലഭിക്കുന്നതായിരിക്കും. എങ്കിലും ബേസ് മോഡല്‍ പഴയ വിലയ്ക്ക് തുടര്‍ന്നും വാങ്ങാനായേക്കും. നിലവില്‍ മാരുതി സുസുക്കിയുടെ കോംപാക്ട് എസ്യുവിക്ക് 8.26 ലക്ഷം മുതല്‍ 12.86 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. സേഫ്റ്റിയുടെ കാര്യത്തില്‍ പഴയ മോഡലുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തായിരിക്കും പുതിയ ബ്രെസ. കൂടുതല്‍ കരുത്തനായി വരുന്ന മോഡല്‍ ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയാലും അതിശയിക്കാനില്ല. ടാറ്റ നെക്സോണിനോടും ഹ്യുണ്ടായി വെന്യുവിനോടും പിടിച്ചുനില്‍ക്കാനായി സുരക്ഷാ പാക്കേജില്‍ ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) ഉള്‍പ്പെട്ടേക്കാം.






