
തിരുവനന്തപുരം: ലഹരിക്കായി മാരകവിഷമുള്ള പാമ്പായ അണലിയുടെ കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന രീതിയുണ്ടെന്ന തന്റെ മുൻ പരാമർശം പിൻവലിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 'ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല' എന്ന് ചെന്നിത്തല വ്യക്തമാക്കി .
ഡോ.ഷിംന അസീസ് ഇക്കാര്യത്തില്‍ ചൂണ്ടിക്കാട്ടിയ തിരുത്ത് അംഗീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല സമൂഹമാധ്യമത്തില്‍ അറിയിച്ചു. വിഷപ്പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് പറഞ്ഞത് വസ്തുതാപരമായി ശരിയല്ലെന്ന് ചെന്നിത്തല വ്യക്തമാക്കി .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ലഹരിക്ക് എതിരായ പോരാട്ടം വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തനത്തിലും ഏറെക്കാലമായി ഏറ്റെടുത്തിട്ടുള്ളതാണ്. മിക്കവാറും വേദികളില്‍ ലഹരിക്ക് എതിരെ പ്രതികരിക്കാറുണ്ട്. പ്രസംഗത്തിലും അഭിമുഖങ്ങളിലുമെല്ലാം. ഇലക്ഷനു മുന്‍പ്, യുഡിഎഫിന് അധികാരം കിട്ടിയാല്‍ ലഹരിയുടെ വേരറുക്കും എന്ന പ്രഖ്യാപനം നടത്തുകയും ആ വാക്കു പാലിക്കുന്ന ”തൂഫാന്” ആരംഭിച്ചതിലും അഭിമാനമുണ്ട്.
അത്തരം ഒരു സംഭാഷണത്തില്‍ വളരെ നാള് മുന്‍പ് എന്റേതായി വന്ന ഒരു പരാമര്‍ശത്തില്‍ കടന്നു കൂടിയ തെറ്റ് സംബന്ധിച്ച് ഡോ. ഷിംന അസീസിന്റെ തിരുത്ത് മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടു. അപകടകരവും മാരകവുമായ വിവിധ തരം ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള സംഭാഷണത്തിന് ഇടയിലായിരുന്നു അത്. വിഷ പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് ഞാന്‍ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല.
ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു.പാമ്പുകളെ ഉപയോഗിക്കുന്നതു പോലെ അത്യന്തം അപകടകരവും വിനാശകരവുമായ ലഹരി ഉപയോഗം ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലും അത്തരം കേന്ദ്രങ്ങള്‍ ഉണ്ടെന്ന വിവരങ്ങളെ ഗൗരവത്തോടെയാണ് മനസിലാക്കുന്നത്. ഇതെല്ലാം സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ അറിയിക്കാന്‍ ആരും മടിക്കരുത്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായിരിക്കും.
തൂഫാന്- ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി തൂഫാന് വാറിയറാകാന്‍ ഡോ. Shimna Azeez ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.






