ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന 'ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റി'ന്റെ പ്രവര്‍ത്തനങ്ങളുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നു വിശ്വഹിന്ദു പരിഷത്ത്. രാമക്ഷേത്രത്തിലെ സംഭാവനാതട്ടിപ്പില്‍ അന്വേഷണം ശക്തമായതിനെത്തുടര്‍ന്ന് വി.എച്ച്.പി. നേതാവ് കൂടിയായ ചമ്പത്ത് റായ് ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണു സംഘടനയുടെ വിശദീകരണം. "ഞങ്ങളുടെ ചുമതല അവസാനിച്ചു. രാജ്യത്തിന്റെ ഒരു ഭാഗത്തും ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയോ അവ നടത്തുകയോ ചെയ്യുക എന്നത് വി.എച്ച്.പിയുടെ ജോലിയല്ല. ട്രസ്റ്റ് ആണ് അവ നടത്തുക, ട്രസ്റ്റില്‍ എന്ത് സംഭവിക്കുന്നു എന്നതിന്റെ ഉത്തരവാദിത്വം ട്രസ്റ്റിന് മാത്രമായിരിക്കും.'- വി.എച്ച്.പി. രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. സംഭാവനത്തട്ടിപ്പില്‍ ആര്.എസ്.എസിനെയോ സര്‍ക്കാരിനെയോ ഉത്തരവാദികളാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള ചമ്പത് റായിയുടെ പ്രവര്‍ത്തനങ്ങളുമായും തങ്ങള്‍ക്കു ബന്ധമില്ലെന്നു കുമാര്‍ പറഞ്ഞു.





