
മുംബൈ: താനെയിലെ ആശുപത്രിയില്‍ ഡോക്‌ടറെയും ജീവനക്കാരെയും മര്‍ദിച്ച സംഭവത്തില്‍ ശിവസേന(ഷിന്‍ഡെ വിഭാഗം) മുനിസിപ്പല്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്‌റ്റില്‍. കല്യാണ്‍-ഡോംബിവ്‌ലി കോര്‍പറേഷനിലെ കൗണ്‍സിലര്‍ രമേഷ് മഹാത്രെയെയും അഞ്ച് അനുയായികളെയുമാണ് പോലീസ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്. കോര്‍പറേഷന്റെ കീഴിലുള്ള ശാസ്‌ത്രി നഗര്‍ ആശുപത്രിയില്‍ ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവമുണ്ടായത്.
ആശുപത്രിയില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞിനെ അടിയന്തരമായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റാന്‍ ഡോക്‌ടര്‍മാരായ സൃഷ്‌ടി ബാവിസ്‌കറും വൈഭവ് സാലുങ്കെയും ബന്ധുക്കളോട് നിര്‍ദേശിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആശുപത്രിയിലെ എന്‍.ഐ.സി.യുവില്‍ കിടക്കകള്‍ ഒഴിവില്ലാത്തതിനാലാണ് കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചത്. കുഞ്ഞിന്റെ ബന്ധുക്കള്‍ വിവരം അറിയിച്ചതോടെ കൗണ്‍സിലര്‍ രമേഷ് മഹാത്രെ അനുയായികള്‍ക്കൊപ്പം ആശുപത്രിയിലെത്തി. തുടര്‍ന്നാണ് ഡോക്‌ടറും ജീവനക്കാരും ആക്രമിക്കപ്പെട്ടത്.
സംഭവത്തിന്റെ സി.സി. ടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. വനിതാ ഡോക്‌ടര്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മഹാത്രെ പുറകിലൂടെ വന്ന് അവരെ ശക്‌തമായി അടിക്കുന്നതും ഫോണ്‍ താഴെപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
തുടര്‍ന്ന് കൗണ്‍സിലറും അനുയായികളും മറ്റ് ജീവനക്കാരെയും ആക്രമിക്കാന്‍ മുതിര്‍ന്നു. സംഭവത്തിന് ശേഷം ആശുപത്രി ജീവനക്കാര്‍ പരിഭ്രാന്തരായി നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ ഡോക്‌ടര്‍ വൈഭവ് സാലുങ്കെയ്‌ക്ക് പരുക്കേറ്റു.എന്നാല്‍, ഡോക്‌ടറെ ആക്രമിച്ചില്ലെന്നാണ് കൗണ്‍സിലറുടെ വാദം. ആശുപത്രിയിലെ വനിതാ ഡോക്‌ടറെ ആക്രമിച്ചിട്ടില്ല എന്ന് ആവര്‍ത്തിച്ച രമേഷ് മഹാത്ര, തങ്ങള്‍ പറയുന്നത് കേള്‍ക്കാതെ ഫോണില്‍ കളിച്ചുകൊണ്ടിരുന്നതിനാലാണ് ഡോക്‌ടറുടെ കൈയില്‍ തട്ടിയതെന്നും വാദിച്ചു.
തങ്ങളുടെ ഈ ഇടപെടല്‍ ഒരു സ്‌ത്രീയുടെയും അവരുടെ കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചെന്നും അതിനപ്പുറം മറ്റൊന്നും അറിയില്ലെന്നും കൗണ്‍സിലര്‍ പ്രതികരിച്ചു.




