
കൊല്‍ക്കത്ത: പശ്‌ചിമബംഗാളിലെ ബരുയിപുരില്‍ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയെന്ന് കരുതുന്നയാള്‍ പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി അയാളുടെ കുടുംബം. ചെയ്‌ത കുറ്റത്തിന് തന്റെ മകന്‍ ശിക്ഷിക്കപ്പെടുകയാണുണ്ടായതെന്ന് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട പ്രഭാഷ് മണ്ഡലിന്റെ അമ്മ സന്ധ്യ മണ്ഡല്‍ പറഞ്ഞു.
"മകന്റെ മൃതദേഹം ഏറ്റുവാങ്ങില്ല. അവന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരില്ല. അവന്‍ നല്ലതൊന്നും ചെയ്‌തിട്ടില്ല. അവന്‍ തെറ്റ് ചെയ്‌തു, ശിക്ഷിക്കപ്പെട്ടു. അവനെ കൊന്നോളൂ, അല്ലെങ്കില്‍ തോന്നിയപോലെ എന്തും ചെയ്‌തോളൂ. എനിക്ക് യാതൊരു എതിര്‍പ്പുമില്ല" -മാധ്യമങ്ങളോട് സന്ധ്യ പറഞ്ഞു. മകന്റെ മരണം അറിയിക്കാന്‍ രണ്ട് പോലീസുകാര്‍ വീട്ടിലെത്തിയിരുന്നു. എന്നാല്‍, അവര്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോകാനും സന്ധ്യ വിസമ്മതിച്ചിരുന്നു.




