ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ പദ്ധതി ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടതും വലിയ സാമ്പത്തിക-പരിസ്‌ഥിതി നേട്ടങ്ങള്‍ നല്‍കിയതുമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. ന്യൂഡല്‍ഹിയില്‍ നടന്ന 'വികസിത് ഭാരത് കോണ്‍ക്ലേവി'ല്‍ എഥനോള്‍ കലര്‍ന്ന ഇന്ധനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കു മറുപടിയായാണ് അദ്ദേഹം സംസാരിച്ചത്.
"എഥനോള്‍ കലര്‍ന്ന ഇന്ധനം കാരണം ഒരു വാഹനത്തിനെങ്കിലും പ്രശ്‌നമുണ്ടായതായി കാണിക്കാന്‍ കഴിയുമോ? അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല" -ഗഡ്‌കരി പറഞ്ഞു.
ഇന്ത്യയുടെ ഊര്‍ജ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഇറക്കുമതി ചെയ്യുന്ന ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നതു കുറയ്‌ക്കുന്നതിനും ബദല്‍ ബയോ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു.
ബദല്‍ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നത് ഒരേസമയം നിരവധി പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നാണ് ഗഡ്‌കരി പറഞ്ഞത്. ബയോ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് മലിനീകരണം കുറയ്‌ക്കുക മാത്രമല്ല, രാജ്യത്തിന്റെ ഇന്ധന ഇറക്കുമതി ബില്‍ കുറയ്‌ക്കുകയും ചെയ്യും.
ഇതു കൂടാതെ, ഗ്രാമീണ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുകയും അതുവഴി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഊര്‍ജ സുരക്ഷ കൈവരിക്കാനും അതോടൊപ്പം സമ്പത്തിക വളര്‍ച്ചയെ പിന്തുണയ്‌ക്കാനും ബദല്‍ ഇന്ധനങ്ങള്‍ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
എഥനോള്‍ പദ്ധതി സാമ്പത്തികമായും പാരിസ്‌ഥിതികമായും ഗണ്യമായ നേട്ടങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
സര്‍ക്കാരിന്റെ 'ഇ20' (എഥനോള്‍ കലര്‍ന്ന പെട്രോള്‍) നയത്തെ ചൊല്ലി വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഗഡ്‌കരിയുടെ പ്രതികരണം. ഗഡ്‌കരിയുടെ കുടുംബവുമായി ബന്ധമുള്ള ബിസിനസുകള്‍ക്ക്, പ്രത്യേകിച്ച് എഥനോള്‍-പഞ്ചസാര വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഈ നയം ഗുണം ചെയ്യുമെന്ന ആരോപണമാണ് വിവാദത്തിന്റെ കേന്ദ്രം. അതേസമയം, എഥനോള്‍ കലര്‍ന്ന ഇന്ധനം വാഹനങ്ങളുടെ മൈലേജ് കുറയ്‌ക്കുമെന്നും ചില വാഹനങ്ങള്‍ക്ക് അനുയോജ്യമല്ലെന്നും വിമര്‍ശകര്‍ വാദിക്കുന്നു.





