ഗ്വാഡലൂപ (മെക്സിക്കോ): ഇസ്മായില്‍ സായ്ബാരിയുടെ സ്പോട്ട് കിക്ക് വലയില്‍ കയറിയതോടെ മോണ്ടെറി സ്റ്റേഡിയത്തില്‍ പുതുചരിത്രം പിറന്നു. കിരീടം നേടുമെന്നു സ്ഥിരതയുടെ കണക്കുകള്‍ നിരത്തി സാമ്പത്തിക ശാസ്ത്രജ്ഞര്‍ പ്രവചിച്ച നെതര്‍ലന്‍ഡ്സ് നോക്കൗട്ടില്‍ പുറത്ത്.
നെതര്‍ലന്‍ഡ്സിനെ കീഴടക്കി മൊറോക്കോ മുന്നേറി (3-2). നിശ്ചിത സമയത്തും അധിക സമയത്തും 1-1 നു സമനില തുടര്‍ന്നതോടെയാണു മത്സരം ഷൂട്ടൗട്ടിലെത്തിയത്. മൊറോക്കോയ്ക്കായി സൂഫിയാന് റഹീമി, താല്‍ബി, സൈബാറി എന്നിവര്‍ കിക്കുകള്‍ വലയിലാക്കി. എല്‍ അയ്നോയിയും അഷ്റഫ് ഹക്കീമിയും കിക്കുകള്‍ നഷ്ടപ്പെടുത്തി. നെതര്‍ലന്‍ഡ്സിനായി ജസ്റ്റിന് ക്ലൈവര്‍ട്ടും ക്വിന്റന്‍ ടിമ്പറും സമ്മര്വിലെയും കിക്കുകള്‍ പാഴാക്കി. കൂപ്പ്മെയ്നേഴ്സ്, വെഗ്ഹോസ്റ്റ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സമ്മര്‍വിലെയുടെ ഷോട്ട് മൊറോക്കോ ഗോള്‍ കീപ്പര്‍ യാസിന് ബൗനു തടഞ്ഞു.
ഡച്ച് കോച്ച് റൊണാള്‍ഡ് കൊയ്മാന് 5-2-3 ഫോര്‍മേഷനാണു താല്പര്യപ്പെട്ടത്. മൊറോക്കോന്‍ കോച്ച് മുഹമ്മദ് ക്വാഭി സായ്ബാരിയെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനും താല്പര്യപ്പെട്ടു.
കളിയുടെ 70 ശതമാനം സമയത്തും പന്ത് മൊറോക്കോ താരങ്ങളുടെ പക്കലായിരുന്നു. 780 പാസുകളും അവര്‍ പൂര്‍ത്തിയാക്കി. ഡച്ചുകാര്‍ക്ക് 356 പാസുകളാണു പൂര്‍ത്തിയാക്കാനായത്. മൊറോക്കോ 12 ഷോട്ടുകളും ഡച്ചുകാര്‍ ഏഴ്് ഷോട്ടുകളും പായിച്ചു. 71 മിനിറ്റ് വരെ മത്സരം ഗോള്‍ രഹിതമായി. 72-ാം മിനിറ്റില്‍ കോഡി ഗാക്പോയിലൂടെ ഡച്ച് ടീം മുന്നിലെത്തി. പകരക്കാരനായി ഇറങ്ങിയതിനു പിന്നാലെ തന്നെ വുട്ട് വെഗ്ഹോസ്റ്റിന്റെ നീക്കമാണ് ഗോളിലേക്ക് നയിച്ചത്.
ഗോള്‍ കീപ്പര്‍ ബാര്‍ട്ട് വെര്ബ്രൂഗന്ക്ല ിയര്‍ ചെയ്ത പന്ത് വെഗ്ഹോസ്റ്റ് ഹെഡറിലൂടെ സമ്മര്‍വില്ലിന് നല്കി. മൊറോക്കന്‍ പ്രതിരോധനിരയെ മറികടന്ന സമ്മര്‍വില്‍ ബോക്സിലേക്കിട്ടു. യാസിനെ ബൗനും സംഘവും പന്ത് റാഞ്ചും മുമ്പ് ഓടിയെത്തിയ ഗാക്പോ അവസരം മുതലെടുത്ത് വലയിലാക്കി. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ തന്നെ മൊറോക്കോയുടെ സമനില പിടിച്ചു. ഇസ ഡിയോപ്പിന്റെ ഹെഡറിലൂടെയായിരുന്നു സമനില ഗോള്‍. പകരക്കാരനായി ഇറങ്ങിയ താല്‍ബി മൈതാനത്തിന്റെ ഇടതുവശത്തുനിന്നു പന്ത് സ്വീകരിച്ച് വെട്ടിത്തിരിഞ്ഞ് ബോക്സിലേക്ക് നല്കിയ പന്ത് തടയാന്‍ വിര്‍ജില്‍ വാന്‍ഡൈക്ക് മുന്നോട്ട്. പക്ഷേ താരത്തെ മറികടന്ന് ഡിയോപ് കനത്ത ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. അതോടെ മത്സരം അധിക സമയത്തേക്ക്്.
വെര്‍ബ്രൂഗന്റെ കൈകള്‍ ഡച്ചുകാരുടെ ആയുസ് നീട്ടി. 96-ാം മിനിറ്റില്‍ സൂഫിയാന് റഹീമിയുടെ ഗോളെന്നുറച്ച ഷോട്ട് അവിശ്വസനീയമായി വെര്‍ബ്രൂഗന്‍ രക്ഷപ്പെടുത്തി. പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്നുള്ള ഷോട്ടാണ് വെര്‍ബ്രൂഗന്‍ സേവ് ചെയ്തത്. നെതര്‍ലന്‍ഡ്സ് ഗോള്‍ കീപ്പര്‍ ബാര്‍ട്ട് വെര്ബ്രൂഗന്റെയും മൊറോക്കോ ഗോള്‍ കീപ്പര്‍ യാസിനെ ബൗനുവിന്റെയും പ്രകടനം മികച്ചുനിന്നു. ഇരു ടീമുകളും ഒന്നാം പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങള്‍ക്കു മുതിര്‍ന്നില്ല. ഡച്ച് ടീമിന്റെ പല മുന്നേറ്റങ്ങളും മൊറോക്കോ പ്രതിരോധമുയര്‍ത്തി തടഞ്ഞു.
മൊറോക്കോയുടെ ഗോളെന്നുറച്ച രണ്ട് ശ്രമങ്ങള്‍ വെര്‍ബ്രൂഗന്‍ രക്ഷപ്പെടുത്തി. വാന്‍ ഡെ വെനിന്റെ ബുള്ളറ്റ് ലോങ് റേഞ്ചര്‍ രക്ഷപ്പെടുത്തി ബൗനോയും താരമായി. ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിലും ഹൈഡ്രേഷന് ബ്രേക്കിന് മുന്‍പും മൊറോക്കോ കൂടുതല്‍ അപകടകാരികളായി. ഹാക്കിമിയുടെ കരുത്തുറ്റ ഷോട്ട് വെര്ബ്രുഗന് ആയാസപ്പെട്ടു തടഞ്ഞിട്ടു. 20-ാം മിനിറ്റില്‍ ഹക്കീമിയുടെ കോര്‍ണറില്‍ നിന്നുള്ള എല്‍ അയ്നോയിയുടെ ഗോളെന്നുറച്ച ഹെഡറും ഹക്കീമിയുടെ ഗോളിലേക്കുള്ള ഷോട്ടും വെര്‍ബ്രൂഗന്‍ രക്ഷപ്പെടുത്തിയിരുന്നു. 52-ാം മിനിറ്റില്‍ അഷ്റഫ് ഹക്കീമിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. രണ്ടാം പകുതിയില്‍ മൊറോക്കോ ആധിപത്യം പുലര്‍ത്തിയെങ്കിലും വെര്‍ബ്രൂഗന്റെ സേവുകള്‍ സ്കോര്‍ നില മാറ്റമില്ലാതെ നിലനിര്‍ത്തി.






