
ഗ്വാഡലൂപ: നെതര്‍ലന്‍ഡ്സിനെതിരേ നടന്ന ലോകകപ്പ് ഫുട്ബോള്‍ നോക്കൗട്ടിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ ഗോള്‍ കീപ്പര്‍ യാസിനെ ബൗനുവിന്റെ പ്രകടനം ശ്രദ്ധേയമായി. 3-2 നായിരുന്നു മൊറോക്കോയുടെ ജയം. നിശ്ചിത സമയത്ത് വാന്‍ ഡെ വെനിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തിയ ബൗനു തുടര്‍ന്നും ഏതാനും സേവുകളുമായി നിറഞ്ഞു.
ഷൂട്ടൗട്ടില്‍ ക്രിസെന്‍സിയോ സോമര്വിലിന്റെ കിക്ക് അവിശ്വസനീയമായ അനായാസതയോടെയാണു ബൗനു തടഞ്ഞത്. ഒരു വശത്തേക്കും ഡൈവ് ചെയ്യാതെ നിന്നാണ് ബൗനു കിക്ക് തടുത്തിട്ടത്. പന്തിന്റെ ഗതി മുന്‍കൂട്ടി അറിഞ്ഞ പോലെയായിരുന്നു സേവ്. 2022 ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെ സ്പെയിനിനെതിരേ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലും ബൗനു താരമായിരുന്നു. അന്ന് സ്പെയിനിന്റെ രണ്ട് കിക്കുകളാണ് ബൗനു തടുത്തത്.
കരിയറില്‍ ഇതുവരെ നേരിട്ട 61 പെനാല്‍റ്റികളില്‍ 15 എണ്ണം തടുത്തു. അതില്‍ ഒമ്പത് എണ്ണം നിശ്ചിത സമയത്തും ആറ് എണ്ണം ഷൂട്ടൗട്ടുകളിലുമായിരുന്നു. 2022 ലോകകപ്പില്‍ സ്പെയിനിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബൗനവിന്റെ രണ്ട് സേവുകള്‍ മൊറോക്കോയെ ചരിത്ര പരമായ ജയത്തിലേക്കു നയിച്ചു.
സ്പാനിഷ് താരങ്ങളായ കാര്‍ലോസ് സോളറിന്റെയും സെര്‍ജിയോ ബുസ്കെ്വറ്റ്സിന്റെയും കിക്കുകളാണ് ബൗനു തടഞ്ഞത്. 2025-ലെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ സെമി ഫൈനലില്‍ നൈജീരിയക്കെതിരെയും രണ്ട് പെനാല്‍റ്റി കിക്കുകള്‍ തടുത്തു. സ്പാനിഷ് ലാ ലിഗ ക്ലബ് സെവിയയ്ക്കു വേണ്ടി കളിക്കുമ്പോള്‍ യൂറോപ്പ ലീഗ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ സമാനമായ രീതിയില്‍ ടീമിന്റെ രക്ഷകനായി.






