
ന്യൂജഴ്സി: മൊറോക്കോയോട് പരാജയപ്പെട്ട് നെതർലൻഡ്സ് ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന വംശീയ അധിക്ഷേപങ്ങൾ കായിക ലോകത്തിന് വീണ്ടും നാണക്കേടായി. പെനാൽറ്റി പിഴച്ച ജസ്റ്റിൻ ക്ലൂവർട്ട്, ക്വിന്റുൻ ടിംബർ, ക്രിസെൻസിയോ സമ്മർവില്ലെ എന്നീ യുവതാരങ്ങളാണ് സൈബർ ഇടങ്ങളിൽ ക്രൂരമായ വിദ്വേഷ പ്രചാരണങ്ങൾക്ക് ഇരയായത്.
താരങ്ങൾക്കെതിരെയുള്ള ആക്രമണം ശക്തമായതോടെ, കുറ്റക്കാർക്കെതിരെ ശക്തമായ ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഡച്ച് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. മുൻപ് 2021 യൂറോ കപ്പിൽ ഇംഗ്ലണ്ട് താരങ്ങൾക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയവർക്ക് ജയിൽ ശിക്ഷ ലഭിച്ച മാതൃക ഇവിടെയും നടപ്പാക്കാനാണ് അസോസിയേഷന്റെ തീരുമാനം.
ഈ വംശീയ കോലാഹലങ്ങൾക്കിടയില് ഡച്ച് പരിശീലകൻ റൊണാൾഡ് കൂമാന് രാജിവെച്ചു. വൈകാരികമായിട്ടായിരുന്നു രാജി പ്രഖ്യാപനം. തന്റെ ഭാര്യ ബാർട്ടിന സ്തനാർബുദത്തോട് പോരാടുന്ന ഈ സാഹചര്യത്തിൽ, ഫുട്ബോളിനേക്കാൾ പ്രാധാന്യം കുടുംബത്തിനാണെന്ന് 63-കാരനായ കൂമാൻ പറഞ്ഞു. "ജീവിതത്തിൽ ഫുട്ബോളിനേക്കാൾ പ്രധാനപ്പെട്ട മറ്റ് പലതുമുണ്ടെന്ന് ഈ ദിവസങ്ങൾ എന്നെ പഠിപ്പിച്ചു. നമ്മൾ സ്നേഹിക്കുന്നവർ ഒരു വലിയ പോരാട്ടത്തിലായിരിക്കുമ്പോൾ നമ്മുടെ മുൻഗണനകൾ മാറും," എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ദീർഘകാലത്തെ കോച്ചിംഗ് കരിയറിന് പൂർണ്ണവിരാമമിടാൻ ഒരുങ്ങുന്നത്.
റൊണാൾഡ് കൂമാന്റെ കരാർ അവസാനിക്കാറായ ഘട്ടത്തിലാണ് ഈ ലോകകപ്പ് എക്സിറ്റ് ഉണ്ടാകുന്നത്. 2018-ൽ ഡച്ച് ടീമിന്റെ കോച്ചായി എത്തിയ കൂമാന്റെ ആദ്യ കാലഘട്ടം വൻ വിജയമായിരുന്നു. ഫ്രെങ്കി ഡി ജോങ്ങിനെപ്പോലെയുള്ള പുതിയ പ്രതിഭകളെ വാർത്തെടുക്കാനും ഫ്രാൻസ്, ജർമ്മനി തുടങ്ങിയ വമ്പന്മാരെ വീഴ്ത്താനും അന്ന് അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ ബാഴ്സലോണയിലേക്ക് പോയ ശേഷം, വീണ്ടും ഡച്ച് ടീമിന്റെ പരിശീലകനായി മടങ്ങിയെത്തിയ രണ്ടാം വരവ് അത്ര സുഖകരമായിരുന്നില്ല.
കൂമാന്റെ കളി ശൈലി പലപ്പോഴും അമിത പ്രതിരോധത്തിലൂന്നിയതായിരുന്നു എന്ന് ഫുട്ബോൾ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. മൊറോക്കോയ്ക്കെ തിരായ നിർണായകമായ മത്സരത്തിൽ അദ്ദേഹം അഞ്ച് ഡിഫൻഡർമാരെ ഇറക്കി കളിച്ച തന്ത്രം പൂർണ്ണ പരാജയമായിരുന്നു. ആക്രമിച്ചു കളിക്കുന്ന ഡച്ച് ശൈലിക്ക് വിപരീതമായി, മൊറോക്കോയ്ക്ക് കളിയിൽ മേധാവിത്വം നൽകാൻ മാത്രമേ ഈ തന്ത്രം സഹായിച്ചുള്ളൂ. നാഷൻസ് ലീഗിൽ സ്പെയിനിനെതിരെ ചില മികച്ച പ്രകടനങ്ങൾ പുറത്തെടുത്തതൊഴിച്ചാൽ, പഴയ ആ പഴയ ഡച്ച് വീര്യം തിരികെക്കൊണ്ടുവരാൻ കൂമാന് കഴിഞ്ഞില്ല.






