
ന്യൂഡല്‍ഹി: രാജ്യത്തെ നയാരാ പമ്പുകളില്‍ ഇന്ധനത്തിന് വില കുറയും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞത് ഉപഭോക്താ ക്കള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറയുന്നത്. സ്വകാര്യകമ്പനി ഇന്ധനവില കുറയ്ക്കുന്നത് ആദ്യമാണ്. ജൂലൈ 1 മുതല്‍ പുതുക്കിയ വില നിലവില്‍ വരും.
സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടുകയും ഒരു പ്രധാന സമുദ്രപാത വീണ്ടും തുറന്നത് ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും ഒഴുക്ക് പുനഃസ്ഥാപിക്കുകയും ചെയ്തതോടെ, വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ മാറി ആഗോള ക്രൂഡ് ഓയില്‍ വിലയിലുണ്ടായ സാഹചര്യത്തിലാണ് നടപടി. മാര്‍ച്ചില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി പ്രതിസന്ധി ഉയര്‍ന്നപ്പോള്‍ ഇന്ധനവില ആദ്യം കൂട്ടിയതും ഇവരായിരുന്നു.
അഞ്ചുരൂപവരെയാണ് അന്ന് കൂട്ടിയതും. രാജ്യത്തുടനീളമായി നയാരയ്ക്ക് 7000 ലധികം പമ്പുകളാണ് ഉള്ളത്. ഇവിടെ ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണം ലഭിച്ചു തുടങ്ങും. എന്നിരുന്നാലും, പൊതുമേഖലാ ഇന്ധന ചില്ലറ വില്പന കമ്പനികള്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യയിലെ ഒരു ലക്ഷത്തിലധികം ഇന്ധന സ്റ്റേഷനുകളില്‍ 90 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന പൊതുമേഖലാ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് എന്നിവ യാതൊരു വിലമാറ്റവും പ്രഖ്യാപിച്ചിട്ടില്ല. ഡല്‍ഹിയിലെ ഐഒസി ഔട്ട്ലെറ്റുകളില് പെട്രോളിന് ലിറ്ററിന് 102.12 രൂപയും ഡീസലിന് ലിറ്ററിന് 95.20 രൂപയുമായി തുടരുന്നു.






