
തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത മേഖലയില്‍ സുതാര്യതയും മികച്ച സേവനങ്ങളും ഉറപ്പാക്കാന്‍ വിപുലമായ പദ്ധതികളുമായി സര്‍ക്കാര്‍. കെ.എസ്.ആര്.ടി.സിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കും പുറമെ മോട്ടോര്‍ വാഹന വകുപ്പിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി സി.പി. ജോണ്‍ നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി നല്കി.
'ഇന്ദിരാ ഗ്യാരന്റി' പദ്ധതിയുടെ ഭാഗമായി കെ.എസ്.ആര്.ടി.സിയുടെ 3,125 ഓര്‍ഡിനറി ബസുകളില്‍ നിലവില്‍ 'പ്രിയദര്‍ശിനി' സ്ത്രീ സൗജന്യയാത്രാ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന തിരുവനന്തപുരം നഗരത്തിലെ റൂട്ടുകളില്‍ കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലാണ്. ഡിപ്പോകളുടെ നവീകരണവും പ്രവര്‍ത്തനവും വിലയിരുത്തുന്നതിനായി ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കും. ഈ സംവിധാനത്തിലൂടെ എല്ലാ ബസ് സ്റ്റാന്‍ഡുകളിലും സ്ത്രീകള്‍ക്കും ട്രാന്സെ്ജന്ഡര് വ്യക്തികള്‍ക്കും സുരക്ഷിതമായ ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കും.
തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് 'ടേക്ക് എ ബ്രേക്ക്' (വഴിയിടം) പദ്ധതികളും വിപുലമായി നടപ്പിലാക്കുന്നുണ്ട്. വിവോയുമായി സഹകരിച്ച് തിരുവനന്തപുരം, കോഴിക്കോട്, അങ്കമാലി തുടങ്ങിയ യൂണിറ്റുകളില്‍ വനിതകള്‍ക്കായി ശീതീകരിച്ച വിശ്രമ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
കോര്‍പറേഷന്റെ ബി.എസ്. 6 ബസുകളുടെ എണ്ണം 650 ആയും ഇലക്ട്രിക് ബസുകളുടെ എണ്ണം 167 ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. കെ.എസ്.ആര്.ടി.സിയുടെ വരുമാന വര്‍ധന ലക്ഷ്യമിട്ട് ബസ് ബ്രാന്‍ഡിങ്ങിനായി പുതിയ സംവിധാനവും ഏര്‍പ്പെടുത്തി. വന്‍കിട ഏജന്‍സികള്‍ക്ക് പുറമെ സാധാരണക്കാര്‍ക്കും പരസ്യം നല്കാന് കഴിയുന്ന വിധത്തില്‍ 'റോളിങ് ആഡ്സ്' എന്ന പ്രത്യേക മൊബൈല്‍ ആപ്ളിക്കേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി നിയമസഭയെ അറിയിച്ചു.
കെ.എസ്.ആര്.ടി.സി. പൂര്‍ണമായും ആധുനിക ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയാണ്. ടിക്കറ്റിങ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ആന്േ്രഡായിഡ് അധിഷ്ഠിത ഇലക്ട്രോണിക് ടിക്കറ്റിങ് സംവിധാനം ഇതിനകം നടപ്പാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് യു.പി.ഐ., ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിങ്, വാലറ്റുകള്‍, ചലോ പേ, ട്രാവല്‍ കാര്‍ഡുകള്‍ തുടങ്ങിയ വിവിധ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ ടിക്കറ്റ് തുക നല്‍കാം. ചലോ മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി ബസുകളുടെ തത്സമയ വിവരങ്ങള്‍ അറിയാനും ടിക്കറ്റുകളും യാത്രാ പാസുകളും വാങ്ങാനും യാത്രകള്‍ ആസൂത്രണം ചെയ്യാനും സാധിക്കും.
സ്മാര്‍ട്ട് കണ്സഷന് കാര്‍ഡ്, ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഹാജര്‍ സംവിധാനം എന്നിവയും കെ.എസ്.ആര്.ടി.സിയില്‍ നിലവില്‍ വന്നു. യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി ബസുകളില്‍ ക്യാമറകളും ലൈവ് ട്രാക്കിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ഡിപ്പോകളിലും പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫിസുകള്‍ക്ക് പുറമെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കണ്‍േ്രടാള്‍ റൂമും നിലവില്‍ സജ്ജമാണ്.- മന്ത്രി അറിയിച്ചു.






