
ലക്നൗ: വെനസ്വേലയില്‍ വെച്ച് മരണപ്പെട്ട ഇന്ത്യാക്കാരന്റെ മൃതദേഹം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആന്തരീകാവയവങ്ങള്‍ നഷ്ടപ്പെട്ട നിലയില്‍. ഉത്തര്‍പ്രദേശിലെ ഡിയോറിയ സ്വദേശിയായ റകേഷ് ചൗഹാന് (33) എന്ന ഇന്ത്യന്‍ നാവികനാണ് വെനിസ്വേലയില്‍ വെച്ച് മരണപ്പെട്ടു. ഇന്ത്യയില്‍ എത്തിച്ച മൃതദേഹത്തില്‍ രണ്ടാമത് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍, ശരീരത്തിലെ പ്രധാന ആന്തരികാവയവങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്ന് കണ്ടെത്തി.
സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും വെനിസ്വേലന്‍ അധികൃതരില്‍ നിന്നും കമ്പനിയില്‍ നിന്നും മറുപടി വേണമെന്നും കുടുംബവും നാവിക സംഘടനകളും ആവശ്യപ്പെടുന്നു. ഹൃദയവും തലച്ചോറും ശ്വാസകോശവും കാണാനില്ലായിരുന്നു. മര്‍ച്ചന്റ് നേവി കപ്പലില്‍ ജോലി ചെയ്തിരുന്ന റകേഷ് ചൗഹാന് മേയ് യിലാണ് വെനിസ്വേലയില്‍ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മരണകാരണം വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകളോ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ കുടുംബത്തിന് ലഭിച്ചിരുന്നില്ല.
മൃതദേഹം നാട്ടിലെത്തിച്ചതിനു ശേഷം, ഡിയോറിയ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിന്‍പ്രകാരം നടത്തിയ രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഫെഡറേഷന് ഓഫ് സീഫെറേഴ്സ് യൂണിയന് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നതനുസരിച്ച് തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങള്‍, കരള്‍, വൃക്കകള്‍ പ്ലീഹ, ആമാശയം, കുടലുകള്‍, പാന്‍ക്രിയാസ്, തൈറോയ്ഡ്, ഹയോയ്ഡ് അസ്ഥി, ലാറിന്‍ക്സ്, ശ്വാസനാളം എന്നിവയൊന്നും ഇല്ലാത്ത നിലയിലായിരുന്നു.
മൃതദേഹത്തില്‍ കഴുത്ത് മുതല്‍ അടിവയര്‍ വരെയും, ഒരു ചെവി മുതല്‍ മറ്റേ ചെവി വരെയും വലിയ രീതിയില്‍ തുന്നിക്കെട്ടിയ പാടുകള്‍ ഉണ്ടായിരുന്നു. അവയവങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ മരണകാരണം കണ്ടെത്താന്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. 2025 നവംബറിലാണ് റകേഷ് 'എക്സ്ഫിനിറ്റി' എന്ന കമ്പനി വഴി വെനിസ്വേലയിലേക്ക് പോയത്. കപ്പലില്‍ വീണ് പരിക്കേറ്റ റകേഷ് ചികിത്സയിലാണെന്നാണ് കമ്പനി ആദ്യം കുടുംബത്തെ അറിയിച്ചത്. പിന്നീട് മരണം സംഭവിച്ചതായി അറിയിക്കുകയായിരുന്നു.
60 ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും, ഒരു മാസത്തോളം മൃതദേഹം ഡീപ് ഫ്രീസറില്‍ സൂക്ഷിച്ച ശേഷമാണ് അയച്ചത്. സാധാരണയായി ആദ്യ പോസ്റ്റ്മോര്‍ട്ടത്തിന്റെ ഭാഗമായി പരിശോധനകള്‍ക്കായി അവയവങ്ങള്‍ മാറ്റാറുണ്ടെങ്കിലും, ഇതുസംബന്ധിച്ച യാതൊരു റിപ്പോര്‍ട്ടും വെനിസ്വേലന്‍ അധികൃതരോ കമ്പനിയോ നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു.






