
രാത്രികാല പോസ്റ്റുമോർട്ടം നടത്തണമെന്ന ഹൈക്കോടതി നിർദേശം നടപ്പാക്കുന്നതിന് ആവശ്യമായ ജീവനക്കാരുടെ അഭാവം പ്രധാന പ്രതിസന്ധിയാണെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുൻ സർക്കാർ ഇടപെട്ടിരുന്നെങ്കിലും അത് പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ ജീവനക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ഉറപ്പാക്കാതെ ജീവനക്കാരെ രാത്രികാല ഡ്യൂട്ടിക്ക് നിർബന്ധിക്കരുതെന്ന് ഹൈക്കോടതി തന്നെ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രികൾക്കും കാസർഗോഡ് ജനറൽ ആശുപത്രിക്കും രാത്രിയിലും പോസ്റ്റുമോർട്ടം നടത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പ്രോട്ടോക്കോൾ പ്രകാരം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ രാത്രികാല പോസ്റ്റുമോർട്ടത്തിന് അനുമതിയുണ്ട്. അവയവദാന നടപടികൾ വേഗത്തിലാക്കുകയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കാലതാമസമില്ലാതെ കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം 24 മണിക്കൂറും ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.






