
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ പേരും ലോഗോയും ഔദ്യോഗിക വെബ്സൈറ്റിനോട് സാമ്യമുള്ള രൂപകൽപ്പനയും ദുരുപയോഗം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ ഓൺലൈൻ ലോട്ടറി തട്ടിപ്പ് നടക്കുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകി. 'മെഗാ ബമ്പർ ധമാക്കാ ഓഫർ', '25 കോടി സമ്മാനം', 'കേരള ഭാഗ്യക്കുറി ഓൺലൈൻ ബുക്കിങ്' തുടങ്ങിയ പരസ്യങ്ങളിലൂടെയാണ് ആളുകളെ വലയിലാക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
പരസ്യങ്ങളിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ സർക്കാർ ചിഹ്നവും ലോഗോയും ഉപയോഗിച്ച് തയ്യാറാക്കിയ കേരള സംസ്ഥാന ലോട്ടറിയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റുകളിലേക്കോ എത്തിക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. തുടർന്ന് വിജയസാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന ചില ലോട്ടറി നമ്പറുകൾ പ്രസിദ്ധീകരിച്ച് വിശ്വാസം നേടിയെടുക്കുകയും പിന്നീട് 'റിസൾട്ട് പരിശോധിക്കുക' എന്ന പേരിൽ മൊബൈൽ നമ്പർ നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
മൊബൈൽ നമ്പർ നൽകിയ ശേഷം സമ്മാനം ലഭിച്ചതായി അഭിനന്ദന സന്ദേശം അയയ്ക്കുന്ന തട്ടിപ്പുകാർ, തുടർന്ന് സമ്മാനത്തുക ലഭിക്കണമെങ്കിൽ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ്സി കോഡ്, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്നു. സർക്കാർ ലെറ്റർഹെഡും ചിഹ്നവും ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ രജിസ്ട്രേഷൻ രേഖകൾ കാണിച്ച് രജിസ്ട്രേഷൻ ഫീസ്, പ്രോസസ്സിങ് ഫീസ്, ജിഎസ്ടി, ടാക്സ് ക്ലിയറൻസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയ പേരുകളിൽ പണം ഈടാക്കുകയും ചെയ്യുന്നു. പണം കൈപ്പറ്റിയ ശേഷവും സമ്മാനത്തുക നൽകാതെ കൂടുതൽ തുക ആവശ്യപ്പെടുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് മുന്നറിയിപ്പിൽ പറയുന്നു.






