
ബംഗളൂരു: ബംഗളൂരുവിലെ പ്രശസ്തമായ ഒരു ഐടി ക്യാമ്പസിലെ ഡേകെയർ സെന്ററിൽ അരങ്ങേറിയ ക്രൂരതകൾക്ക് സമാനതകളില്ല. പിഞ്ചുകുഞ്ഞുങ്ങളെ അതിക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അഞ്ച് ആയമാർക്കെതിരെ പോലീസ് കേസെടുത്തു. കുട്ടികളെ മാനസികമായി തകർക്കുന്ന രീതിയിൽ ഭീഷണിപ്പെടുത്തുന്നതും ബാത്ത്റൂമിൽ പൂട്ടിയിടുന്നതും ഉൾപ്പെടെയുള്ള മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.
കുട്ടികളെ ഭയപ്പെടുത്തി ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനകത്ത് നിർബന്ധിച്ച് ഇരുത്തുക, വെസ്റ്റേൺ ടോയ്ലറ്റിൽ ഇരുത്തി ടോയ്ലറ്റ് ജെറ്റ് (ഫ്ലഷ് സ്പ്രേയർ) ഉപയോഗിച്ച് വായിലേക്ക് വെള്ളം അടിക്കുക എന്നിവയാണ് ഇവർ ചെയ്തത്. കൂടാതെ കുട്ടികളെ ബാത്ത്റൂമിൽ പൂട്ടിയിടുകയും പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. കരയുന്ന കുഞ്ഞുങ്ങളെ ഇവർ ഭയപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എഫ്ഐആർ പ്രകാരം രണ്ടും മൂന്നും വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഇവർ ക്രൂരമായി പീഡിപ്പിച്ചത്.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ്, അഞ്ച് സ്ത്രീകളെയും ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.ചൈൽഡ് ഹെൽപ്ലൈൻ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എച്ച്എഎൽ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.






