
ന്യൂഡല്‍ഹി: ഗുരുതരകുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലായി തുടര്‍ച്ചയായ 30 ദിവസം കസ്റ്റഡിയിലാകുന്ന മന്ത്രിമാരെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടനാഭേദഗതി ബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) 17-ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവരെ നീക്കംചെയ്യാനുള്ള വ്യവസ്ഥയ്ക്കു ജെ.പി.സി. അംഗീകാരം നല്‍കുമെന്നാണ് സൂചന. രാഷ്ട്രീയപകപോക്കലിനായി നിയമം ദുരുപയോഗം ചെയ്യുന്നതു തടയാനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടാകും.
ജെ.പി.സി. പരിശോധനയ്ക്കുശേഷം ഭരണഘടനാഭേദഗതി ബില്‍ 20-ന് ആരംഭിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാലസമ്മേളനത്തിന്റെ പരിഗണനയ്ക്കു വരും. കഴിഞ്ഞ ഓഗസ്റ്റിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന്, അപരാജിത സാരംഗിയുടെ അധ്യക്ഷതയില്‍ 31 അംഗ ജെ.പി.സി. രൂപീകരിച്ചു. ഭരണകക്ഷിക്കു മേല്‍ക്കൈയുള്ള സമിതി കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇന്ത്യാ സഖ്യത്തില്‍പ്പെട്ട ചില പ്രതിപക്ഷകക്ഷികള്‍ ബഹിഷ്കരിച്ചിരുന്നു.
ശിക്ഷിക്കപ്പെടുന്നതിലുപരി, കസ്റ്റഡിയുടെ പേരില്‍ പൊതുപ്രവര്‍ത്തകരെ പദവികളില്‍നിന്നു നീക്കാനുള്ള വ്യവസ്ഥയെ പ്രതിപക്ഷം എതിര്‍ത്തെങ്കിലും ജെ.പി.സിയിലെ ഭരണപക്ഷ അംഗങ്ങള്‍ അത് നിരസിച്ചതായാണ് സൂചന. 30 ദിവസത്തിനകം മൂന്നുതവണയെങ്കിലും ജാമ്യം തേടാന്‍ അവസരമുള്ളതിനാല്‍ നിര്‍ദിഷ്ടവ്യവസ്ഥ സ്വാഭാവികനീതിയുടെ ലംഘനമല്ലെന്നു ഭരണപക്ഷം വാദിക്കുന്നു. എന്നാല്‍, നിയമം ദുരുപയോഗം ചെയ്യുന്നതു തടയണമെന്ന കാര്യത്തില്‍ ജെ.പി.സിക്ക് ഏകാഭിപ്രായമാണ്.
നിയമം ബാധകമാക്കാന്‍ ആധാരമാക്കുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവം സംബന്ധിച്ച് ചില നിയന്ത്രണങ്ങളും ജെ.പി.സി. ശിപാര്‍ശ ചെയ്തേക്കും. പ്രതിപക്ഷ എം.പിമാര്‍ ജെ.പി.സി. റിപ്പോര്‍ട്ടിനു വിയോജനക്കുറിപ്പ് നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ലോക്സഭാംഗങ്ങളായ എ.ഐ.എംഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി, എന്‍.സി.പി. (ശരത് പവാര്‍) നേതാവ് സുപ്രിയ സുളെ, രാജ്യസഭാംഗമായ വൈ.എസ്.ആര്. കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് നിരഞ്ജന് റെഡ്ഡി സിര്ഗാപുര് എന്നിവരും ജെ.പി.സിയുടെ ഭാഗമാണ്.
അഞ്ചുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് അറസ്റ്റിലാവുകയും തുടര്‍ച്ചയായ 30 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയും ചെയ്യുന്ന മന്ത്രിമാരെ നീക്കംചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് വിവാദ ബില്‍. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിക്കോ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവര്‍ണര്‍ക്കോ ഇപ്രകാരം കുറ്റാരോപിതരായ മന്ത്രിമാരെ നീക്കംചെയ്യാം. അല്ലെങ്കില്‍, കസ്റ്റഡിയുടെ 31-ാം ദിവസം സ്വാഭാവികമായി മന്ത്രിസ്ഥാനം നഷ്ടമാകുമെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു. ഇതാകും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ബാധകമാകുക.






