
പത്തനംതിട്ട: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വള്ളസദ്യ വഴിപാട് 19 ന് ആരംഭിക്കാനിരിക്കെ ക്രമവിരുദ്ധ നടപടികള്‍ക്കും ശ്രമം തുടങ്ങി. വള്ളസദ്യക്കാലത്തേക്ക് ക്ഷേത്രത്തില്‍ സ്പെഷ്യല്‍ ഡ്യൂട്ടി തരപ്പെടുത്താനുള്ള ശ്രമത്തിലാണ് വിവിധ തസ്തികകളിലുള്ള ജീവനക്കാര്‍. കഴിഞ്ഞവര്‍ഷം നിരവധി തര്‍ക്കങ്ങളും ആചാരവിരുദ്ധ നടപടികളും തിരുവിതാംകൂര്‍ ദേവസം ബോര്‍ഡിന്റെയും പള്ളിയോട സേവാസംഘത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പ്രായശ്ചിത്ത സമൂഹസദ്യയും നടത്തേണ്ടി വന്നിരുന്നു.
ദേവസം ബോര്‍ഡ് നേരിട്ട് വള്ളസദ്യ കൂപ്പണ്‍ നല്കിയതും സദ്യ നടത്തിയതും കഴിഞ്ഞതവണ വിവാദമായിരുന്നു. ബോര്‍ഡില്‍നിന്ന് കൂപ്പണ്‍ വാങ്ങി ദൂരദേശങ്ങളില്‍നിന്നു വരെ സദ്യയ്ക്കെത്തിയവരെ ക്ഷേത്രമതിലിനുള്ളില്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അന്നത്തെ ദേവസ്വംബോര്‍ഡും പള്ളിയോട സേവാസംഘവും തമ്മില്‍ ഇതേച്ചൊല്ലി ഏറെക്കാലം തര്‍ക്കങ്ങളും തുടര്‍ന്നു. ഇതിനിടയിലാണ് അന്നത്തെ ദേവസം മന്ത്രിയടക്കമുള്ളവര്‍ ആചാരലംഘനം നടത്തിയെന്ന പരാതിയുണ്ടായതും പരിഹാരക്രിയകള്‍ നടത്തിയതും.
വള്ളസദ്യക്കാലം ആറന്മുളയില് ഉത്സവം പോലെയാകുമ്പോള്‍ ബോര്‍ഡിലും കരയിലുമുള്ളവര്‍ക്ക് ഇത് ധനസമ്പാദന സമയം കൂടിയാണ്. അതിനാല്‍ ഇക്കാലത്തേക്ക് ആറന്മുള ക്ഷേത്രത്തില്‍ സ്പെഷ്യല്‍ ഡ്യൂട്ടി തരപ്പെടുത്താനുള്ള ശ്രമത്തിലാണ് വിവിധ തസ്തികകളിലുള്ള ജീവനക്കാര്‍. ഇതിന് ദേവസംബോര്‍ഡ് ഭരണാനുകൂല സംഘടനയുടെ പിന്തുണയും ലഭിക്കുന്നു. പ്രത്യേക ഡ്യൂട്ടി ലഭിക്കാന്‍ രംഗത്തിറങ്ങിയവരില്‍ മിക്കവരും യൂണിയന് നേതാക്കളെ സമീപിച്ചതോടെ ഇതിലേക്കു ലേലം വിളിയാണെന്നും പറയുന്നു.
വള്ളസദ്യക്കാലത്ത് ക്ഷേത്രത്തില്‍ വിവിധ ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതിലെല്ലാം സമര്‍പ്പണവും ദക്ഷിണയുമായി വലിയ തുകയാണ് വഴിപാടുകാരില്നിന്ന് ഈടാക്കുന്നത്. വഴിപാടുകാര്‍ എത്തുമ്പോള്‍ മുതല്‍ വിവിധ തരത്തിലുള്ള ദക്ഷിണ ഈടാക്കുന്നു. ഇതിനെല്ലാം തുക നിജപ്പെടുത്തിയിട്ടുമുണ്ട്. നിറപറയ്ക്കു മുന്നില്‍ വെറ്റിലയില്‍ സമര്‍പ്പിക്കുന്ന ദക്ഷിണപോലും കുറയാന്‍ പാടില്ലത്രേ.
അകത്തെ പൂജകള്‍ക്കും കൃത്യമായ തുക പറഞ്ഞ് നല്കിക്കുന്നുണ്ട്. കണക്കില്‍പ്പെടാതെ ഓരോ വഴിപാടുകാരനും ഇത്തരത്തില്‍ വലിയ തുകതന്നെ കരുതേണ്ടി വരും. ഇതില്‍ അധികവും ചെന്നെത്തുന്നത് പ്രത്യേക ഡ്യൂട്ടിക്കായി എത്തുന്ന ജീവനക്കാരിലാണ്. രണ്ടുമാസം കൊണ്ടു ലഭിക്കുന്ന വരുമാനം വലുതായതിനാലാണ് ബോര്‍ഡില്‍ കടുത്ത സമ്മര്‍ദം ചെലുത്തി ഇവിടേക്കു വരാന്‍ നിരവധി പേര് ശ്രമിക്കുന്നത്.
മേളക്കാര്, വാച്ചര്‍, കഴകം, ക്ലാര്‍ക്ക് തുടങ്ങി നിരവധി പേരാണ് ആവശ്യക്കാരായുള്ളത്. ഇതോടെ ഡ്യൂട്ടി വാങ്ങിനല്‍കാന്‍ സ്വാധീനമുള്ളവര്‍ ലേലത്തിലേക്കു കടന്നതായി പറയുന്നു. ആറന്മുളയില് പുതിയ എ.സിയും ക്ഷേത്രത്തില്‍ എ.ഒയും ചുമതലയേറ്റിട്ടുണ്ട്. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ കഴിഞ്ഞദിവസം ആറന്മുളയില് നേരിട്ടെത്തി വള്ളസദ്യ ഒരുക്കങ്ങളും സൗകര്യങ്ങളും പരിമിതികളും വിലയിരുത്തി.






