
ഇലന്തൂര്‍: നൂറ്റാണ്ടുകളുടെ കാര്‍ഷിക പാരമ്പര്യമുള്ള ഇലന്തൂര്‍ ഗ്രാമം ഇപ്പോള്‍ കപ്പക്കൃഷിക്കാണ് പ്രശസ്തമാകുന്നത്. നെല്‍ക്കൃഷിക്കും മറ്റ് പച്ചക്കറി ഇനങ്ങളുടെ കൃഷിക്കും പ്രശസ്തമായിരുന്ന ഇലന്തൂരിലെ പാടശേഖരങ്ങളില്‍ ഇന്ന്കപ്പക്കൃഷി വ്യാപകമാകുകയാണ്. നെല്‍കൃഷിയും മറ്റ് കൃഷികളും നഷ്ടമായതോടെ ഇവിടത്തെ കര്‍ഷകര്‍ മറ്റ് പല കൃഷികളും പരീക്ഷിച്ച് അവസാനം കപ്പക്കൃഷിയിലെക്ക് തിരിയുകയായിരുന്നു.
ഒരു തവണ കൊയ്ത്തിന് ആളെ കിട്ടാതെ സ്വയം കൊയ്ത്ത് നടത്തേണ്ടഅവസ്ഥയുണ്ടായതോടെ 17 വര്‍ഷം മുന്‍പ് നെല്‍ കൃഷി അവസാനിപ്പിച്ച് പിന്നീട് വാഴകൃഷിയിലേക്കും, അവിടെയും പ്രതിസന്ധി ഉണ്ടായപ്പോള്‍ കപ്പ കൃഷിയിലേക്കുംതിരിയുകയായിരുന്നു എന്ന് കര്‍ഷകനായ സുരേഷ് ബാബു പറയുന്നു. വര്‍ഷത്തില്‍ 365 ദിവസവും കപ്പ വിളവെടുക്കുന്നു എന്നത് തന്നെയാണ് ഇലന്തൂരിലെ കപ്പക്കൃഷിയെ വ്യത്യസ്ഥമാക്കുന്നത്.
12 കര്‍ഷകരാണ് ഇലന്തൂര്‍ ബ്ലോക്ക് പടിഭാഗം മുതല്‍ പരിയാരം ഏലാ വരെയുള്ള 13 ഏക്കറിലധികം സ്ഥലത്തായി കപ്പകൃഷി നടത്തിവരുന്നതെന്ന് കര്‍ഷകനായ മധുവും കപ്പകൃഷിയിലെക്ക് തിരിഞ്ഞതോടെ നല്ല വരുമാനം ലഭിക്കുന്നുണ്ടെന്ന് വനിതാ കര്‍ഷകയായ രജനി പറയുന്നു. മികച്ച കര്‍ഷകക്കുള്ള നിരവധി അംഗീകാരങ്ങള്‍ നേടിയ രമണി അമിത വണ്ണം കുറക്കാന്‍കാര്‍ഷികരംഗത്തേക്ക് ഇറങ്ങിയതാണ്. കപ്പകൃഷിയിലേക്ക് തിരിഞ്ഞതോടെ വണ്ണംകുറയുക മാത്രമല്ല വരുമാനം വര്‍ധിക്കുകയും ചെയ്തതാണ് രമണിയുടെ അനുഭവം .
സ്വന്തം ക്യഷിയിടത്തില്‍ വിളയുന്ന കപ്പ തിരുവല്ല പത്തനംതിട്ട റോഡരുകില്‍ബ്ലോക്ക് പടിക്കല്‍ ചെറിയൊരു ഷെഡ് വച്ച് കച്ചവടവും നടത്തി വരുന്നുണ്ട്, ഈ വനിതാ കര്‍ഷക. ബ്ലോക്ക് പടിക്കല്‍ രമണിയുടേതുള്‍പ്പടെയുള്ള രണ്ട് ഷെഡ്ഡുകളിലും ദിവസേന നൂറ് കണക്കിനാളുകള്‍ കപ്പ വാങ്ങാനെത്തുന്നുണ്ട്. കപ്പ വാങ്ങാനുംനടീല്‍ വസ്തുവായ നല്ല ഇനം കപ്പത്തണ്ട് വാങ്ങാനും ദൂരെ സ്ഥലങ്ങമില്‍ നിന്ന് വരെ ആളുകള്‍ എത്തിച്ചേരുന്നുണ്ട്.
ഇലന്തൂരില്‍ വെള്ളപ്പൊക്ക ഭീഷണി ഇല്ലാത്തതും, ജല ദൗര്‍ലഭ്യമില്ലാത്തതും കൃഷിക്ക്ഏറെ അനുകുലമാണ്. 2018ലെ വെള്ളപ്പൊക്കത്തില്‍ പോലും ഇവിടെ കൃഷിനാശം ഉണ്ടായിട്ടില്ല എന്ന് കര്‍ഷകരായ സോമരാജനും രാമചന്ദ്രനും പറഞ്ഞു. കാര്യം ഇങ്ങനെ ഒക്കെയാണെങ്കിലും നിരവധി പ്രതിസന്ധികളും കര്‍ഷകര്‍ നേരിടുന്നുണ്ട്. ഏറെയും പാട്ടഭൂമിയിലാണ് കൃഷി ചെയ്യുന്നത്. പന്നിയെ അകറ്റാനുള്ള സംരക്ഷണ വേലി നിര്‍മ്മിക്കാന്‍ പോലും പാട്ട ഭൂമിക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാകാന്‍ പ്രയാസമാണ്.
കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമ പഞ്ചായത്ത് അധികൃതരും നല്ല പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും, കപ്പ കൃഷിക്ക് സര്‍ക്കാര്‍ ആനുകുല്യം ഒന്നും ലഭ്യമല്ല. ആവര്‍ത്തന കൃഷി കപ്പ കൃഷിയെ പ്രതികൂലമായി ബാധിക്കില്ല എന്നാണ് ഇവിടുത്തെ കര്‍ഷകരുടെ അനുഭവം . മണ്ണിനെ നശിപ്പിക്കുന്ന തരത്തിലുള്ള രാസ വളപ്രയോഗം ഒഴിവാക്കി, രണ്ട് ജൈവവളവും മിതമായ അളവില്‍ ഒരു രാസവളവും അടക്കം മൂന്ന് തവണ വളം നല്‍കുന്നതാണ് ഇവിടത്തെ കൃഷിരീതി.ആരോഗ്യം അനുവദിക്കുന്ന കാലം വരെ മണ്ണില്‍ അധ്വാനിക്കാന്‍ ഈ കര്‍ഷകര്‍ക്ക് മടിയില്ല.






