
തിരുവനന്തപുരം: നികുതിയിളവ് നല്കാന് പോകുന്ന മദ്യനയവും കരിമണല്‍ ഖനനം സ്വകാര്യ കമ്പനികള്‍ക്ക് നല്കിയതും വിഴിഞ്ഞം പോര്‍ട്ടുമായി ബന്ധപ്പെട്ട ഓഹരി വില്‍പ്പനയും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് നാടിന്റെ താല്‍പ്പര്യങ്ങളെ ബലികഴിച്ചുകൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്. സര്‍ക്കാര്‍ സഭയെ തെറ്റിദ്ധരിപ്പിച്ച് സ്വകാര്യമേഖലയ്ക്ക ലാഭക്കൊയ്ത്തിന് കൂട്ടുനില്‍ക്കുകയാണെന്നും കോര്‍പ്പറേറ്റുകള്‍ക്ക് കുടപിടിക്കുന്ന നിലപാടാണ് ഇതെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വീര്യം കുറഞ്ഞ മദ്യത്തിന് നല്കുന്ന നികുതിയിളവ് മദ്യവ്യാപനത്തിന് കാരണമായി മാറും. നിയമമായ ശേഷം എന്തിനാണ് ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. മദ്യനയത്തില്‍ ധൃതിയും വാശിയും കാണിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പിടിവാശി മദ്യക്കമ്പനികളെ സഹായിക്കാനാണ്. മന്ത്രിസഭയില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. യുഡിഎഫില്‍ പോലും വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. പിന്നെ യുഡിഎഫ് കൂടിയാലോചനയ്ക്ക് എന്ത് പ്രസക്തിയാണുള്ളതെന്നും ചോദിച്ചു.
സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയരുമ്പോഴും അതില്‍ കാര്യമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. സബ്ജക്ട് കമ്മറ്റിയെ ഒഴിവാക്കി ധനബില്‍ അവതരിപ്പിച്ചതിനെ ന്യായീകരിക്കാന്‍ ശ്രമം നടത്തി. നികുതിനിര്‍ദേശം ഇല്ലാത്തതും ഉള്ളതുമായ ധനകാര്യബില്‍ എല്ലാകാലത്തും സബ്ജക്ട് കമ്മറ്റിക്ക് മുമ്പാകെ പോയി വരാറുണ്ട്. വില്ക്കാന് തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ എന്തിനാണ് നികുതിയിളവ് നല്‍കുന്നതെന്നും അടിയന്തിര ആവശ്യം എന്താണെന്നും പിണറായി ചോദിച്ചു.
തെറ്റായ വാദങ്ങള്‍ നിരത്തി ബെക്കാഡിയെ സഹായിക്കാനാണ് നീക്കം നടത്തിയത്. മദ്യനികുതി കുറയ്ക്കുന്നത് കൊണ്ട് എന്ത് ലാഭമാണ് ഉണ്ടായത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉപഭോഗം പിന്നീട് സ്പിരിറ്റ് അധിഷ്ഠിത മദ്യത്തിലേക്ക് മാറുകയും ചെയ്യും. മുമ്പ് ഇടതുസര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യമെന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. അത് സ്പിരിറ്റ് കലര്‍ത്താത്ത പഴങ്ങളില്‍ നിന്നു മദ്യം ഉണ്ടാക്കുന്ന കാര്യത്തെക്കുറിച്ചായിരുന്നു.
കരിമണല്‍ വിഷയത്തിലും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു. ധാതു സമ്പത്ത് കുത്തകകള്‍ക്ക് തീറെഴുതാനുള്ള താല്‍പ്പര്യം ഈ സര്‍ക്കാരിന് ആദ്യം മുതലുണ്ട്. ഈ ബജറ്റ് തീരുമാനത്തിനെതിരേ കക്ഷിരാഷ്ട്രീയത്തിനതീതമായി കോണ്‍ഗ്രസിനുള്ളില്‍ പോലും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കരിമണല്‍ ഖനനത്തിന് കൊണ്ടുവന്ന പൊതുമേഖലാ കമ്പനികളെ പോലും യുഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.
വിഴിഞ്ഞം അദാനി 49 ശതമാനം ഓഹരികള്‍ ബഹുരാഷ്ട്ര കുത്തകയായ എംഎസ് സി യ്ക്ക് കൈമാറുന്നതിന് നീക്കം നടത്തുയാണ്. അദാനിഗ്രൂപ്പിന് ഓഹരികൈമാറ്റത്തിലൂടെ ലാഭമുണ്ടാക്കാനുള്ള പരിപാടിയാണ് ഇത്. കണ്സഷന് എഗ്രിമെന്റ് പ്രകാരം 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരി നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അംഗീകാരം ആവശ്യമാണ്. ഇത് ലഭ്യമാക്കാതെ സ്വന്തം നിലയ്ക്ക് നടത്തിയ ഓഹരി ഇടപാട് കരാര്‍ ലംഘനവും നിയമവിരുദ്ധവുമാണ്. ഉടമസ്ഥാവകാശ മാറ്റത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഇനിയും വ്യക്തമല്ല.
അദാനിഗ്രൂപ്പിന്റെ ഈ നീക്കം സംസ്ഥാനസര്‍ക്കാരിന്റെ അറിവോടുകൂടിയാണോയെന്നും ചോദിച്ചു. ഇനി അല്ലെങ്കില്‍ അതിനെതിരേ സര്‍ക്കാര്‍ എന്ത് നടപടിയാണ്എടുക്കാന് പോകുന്നതെന്നും വ്യക്തമാക്കണം. മുഖ്യമന്ത്രി തന്റെ അറിവോടെയല്ല എന്നായിരുന്നു നിയമസഭയില്‍ പറഞ്ഞത്. അങ്ങിനെയാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമോയെന്നും ചോദിച്ചു. എന്നാല്‍ അദാനിയുമായി ഒപ്പുവെച്ചു കഴിഞ്ഞിരിക്കുകയാണെന്നും അനുമതിയില്ലാതെ ഇങ്ങിനെയൊരു നീക്കം നടത്താന്‍ അവര്‍ക്ക് എങ്ങിനെ ധൈര്യം കിട്ടിയെന്നും ചോദിച്ചു.
നീക്കം തുറമുഖത്തില്‍ ഒരു കമ്പനിയ്ക്ക് മാത്രം അധികാരം നല്‍കുന്നതാകും. അനേകം അന്താരാഷ്ട്ര കപ്പലുകള്‍ അടുക്കേണ്ട തുറമുഖമാണ് വിഴിഞ്ഞും. സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാക്കുന്നതാണ് നീക്കമെന്നും കേരളത്തിലെ വരുമാനത്തിന് കുറവുണ്ടാകുമെന്നും പറഞ്ഞു. അദാനിഗ്രൂപ്പിന് വഴങ്ങിക്കൊടുക്കുന്ന രീതിയിലേക്ക് സര്‍ക്കാര്‍ നീങ്ങരുതെന്നും സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ തന്നെ ഇത്തരമൊരു നീക്കം നടത്താനുള്ള അദാനിയുടെ ധൈര്യം എന്താണെന്നും നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും പറഞ്ഞു.






