
കൊച്ചി: കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം നേരിടുന്ന കശുവണ്ടി വികസന കോര്‍പ്പറേഷനിലെ പ്രതികളെ വിചാരണ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. വിവരം ഹൈക്കോടതിയെ അറിയിച്ചു. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്. മുന്‍ സര്‍ക്കാര്‍ വിചാരണാനുമതി നല്‍കാതെ നീണ്ടുപോയ കേസാണിത്.
ചന്ദ്രശേഖര്‍ക്ക് പുറമേ കോര്പ്പറേഷന് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.എ. രതീഷും വിചാരണ നേരിടേണ്ടി വരും. കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. കേസ് വരും ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. മുന്‍പ് പിണറായി വിജയന് സര്‍ക്കാര്‍ മൂന്ന് തവണ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചിരുന്ന കേസാണിത്.
സി.ബി.ഐ കണ്ടെത്തിയത് കേവലം നടപടിക്രമങ്ങളിലെ പിഴവുകള്‍ മാത്രമായതിനാലാണ് പ്രോസിക്യൂഷന് അനുമതി നല്‍കാതിരുന്നതെന്നുമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ കോര്പ്പറേഷന് കോടികളുടെ സാമ്പത്തിക നഷ്ടം സംഭവിച്ചതായി കണ്ടെത്തുകയും പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത കേസാണ്.






