
ബെംഗളൂരു: പ്രശസ്ത ഐടി കമ്പനിയായ കാപ് ജെമിനി ക്യാമ്പസിലെ ഡേകെയറിൽ കുരുന്നുകൾക്ക് നേരെയുള്ള ക്രൂര പീഡനം ദീർഘകാലമായി നടന്നുകൊണ്ടിരിക്കുന്നതാണെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ. അതേസമയം, മുൻകരുതൽ നടപടിയെന്ന നിലയിൽ ഡേകെയർ താൽക്കാലികമായി അടച്ചുപൂട്ടിയതായും അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ട് എന്നും കമ്പനി വ്യക്തമാക്കി.
പീഡനങ്ങളെക്കുറിച്ച് മുമ്പ് ഒരാൾ സൂർവൈസറെ അറിയിച്ചിരുന്നു. എന്നാൽ, അതിൽ നടപടി ഒന്നും ഉണ്ടായില്ല എന്നു മാത്രമല്ല വിവരം പുറത്തുവിട്ട ആളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. അധികൃതർക്ക് ഇവിടുത്തെ ക്രൂരതകളെക്കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കൃത്യമായ തെളിവുകൾ ലഭിച്ചിരുന്നില്ല എന്ന് ശിശുസംരക്ഷണ ഓഫീസർ മാധ്യമങ്ങളോട് പറഞ്ഞു. ചൈൽഡ് ഹെൽപ്പ്ലൈനിൽ ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കുട്ടികളെ നോക്കാൻ ബാധ്യസ്ഥരായ ആളുകൾ തന്നെയാണ് അവരെ ഉപദ്രവിക്കുന്നത്. കുട്ടികൾ കരയുമ്പോൾ അവരെ നിർബന്ധിച്ച് വാഷിംഗ് മെഷീനിലിടുകയും ബാത്റൂമിൽ പൂട്ടിയിടുകയും ചെയ്യുകയായിരുന്നു. പരാതിക്കാരെ ബന്ധപ്പെട്ടപ്പോൾ അവർ ഇതിന്റെ ദൃശ്യങ്ങൾ കൈമാറിയെന്നും തുടർന്ന് ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നുവെന്നും ചൈൽഡ് ഹെൽപ്പ്ലൈൻ അധികൃതർ പറയുന്നു.
കുട്ടികളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ടു വയസ്സ് മാത്രം പ്രായമുള്ള കുരുന്നുകളെ ക്ലോസറ്റിൽ ഇരുത്തി വെള്ളം സ്പ്രേ ചെയ്യുന്നതും, ബാത്റൂമുകളിൽ പൂട്ടിയിടുന്നതുമായ ഭീതിജനകമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികൾ കരയുമ്പോഴും ബഹളം വെക്കുമ്പോഴും അവരെ ശാന്തരാക്കാൻ വേണ്ടിയാണ് കെയർടേക്കർമാർ ഈ ക്രൂരത കാട്ടിയിരുന്നത്






