
കൊച്ചി: നടി ലക്ഷ്മിപ്രിയ, ശ്വേത മേനോന് എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്.
യൂട്യൂബ ചാനലിലെ ഇന്റര്‍വ്യൂവില്‍ തന്നെ അപമാനിച്ചു എന്നാണ് അന്‍സിബയുടെ പരാതിയില്‍ പറയുന്നത്. ലക്ഷ്മിപ്രിയയ്ക്ക് പുറമെ യൂട്യൂബ് ചാനല്‍ മേധാവി സുകുമാരന്‍, അഭിമുഖം നടത്തിയ സുരേഷ് എന്നിവരെയാണ് അന്‍സിബ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്നാണ് അന്‍സിബയുടെ വാദം.
രാജിവെച്ച അമ്മ പ്രസിഡന്റ് ശ്വേത മേനോനും സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു എന്നും ഇക്കാര്യവും അന്വേഷിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷ്മി പ്രിയയും ശ്വേത മേനോനും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, തന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനും വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമക്കുന്നു, സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു എന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്വേത തിരുവനന്തപുരത്തെ പിആര്‍ ഏജന്‍സിയുമായി കരാറുണ്ടാക്കി എന്നും അന്‍സിബയുടെ പരാതിയില്‍ പറയുന്നു.






