
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും ബോർഡ് വ്യക്തമാക്കി.
പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമായതോടെയാണ് നിയന്ത്രണം ഒഴിവാക്കാനായതെന്ന് കെഎസ്ഇബി അറിയിച്ചു. അതേസമയം, മഴയുടെ കുറവ് മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർധിച്ച സാഹചര്യമാണ് നിലനിൽക്കുന്നത്.
വൈദ്യുതി ഉപഭോഗം ഉയർന്നതിനെ തുടർന്നാണ് നേരത്തെ കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തിയത്. ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ, സെപ്റ്റംബർ ഒഴികെ, ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിരുന്നു.
ഈ കാലയളവിൽ 600 മുതൽ 1,000 മെഗാവാട്ട് വരെ വൈദ്യുതി ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി കമ്മിഷനെ അറിയിച്ചിരുന്നു. യൂണിറ്റിന് 10 രൂപ വരെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവരുന്നത് ബോർഡിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും കെഎസ്ഇബി നേരത്തെ വ്യക്തമാക്കിയിരുന്നു.






