
തിരുവനന്തപുരം: നിയമസഭയിലെ സന്ദർശകർക്കായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. യുക്തിസഹമായ നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകൂവെന്നും നിയമസഭ ജനങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ രേഖയിൽ ഉൾപ്പെടുന്നത് മൈക്ക് ഓണായിരിക്കെ അംഗങ്ങൾ സ്വന്തം സീറ്റിൽ നിന്ന് നടത്തുന്ന പ്രസംഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. മൈക്ക് ഓഫ് ആയ ശേഷമുള്ള പരാമർശങ്ങൾക്ക് രേഖാപരമായ പ്രാധാന്യമില്ല. വിഷയത്തിൽ മുഖ്യമന്ത്രി നൽകിയ വിശദീകരണത്തിന് പുറത്തുള്ള മറ്റൊരു വിശദീകരണവും ആവശ്യമില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി സഭയിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് വ്യക്തമായ ധാരണ വേണം. സംസ്ഥാന സർക്കാരിന്റെ അറിവില്ലാതെ നടപടികൾ മുന്നോട്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി അന്യാധീനപ്പെടാൻ അനുവദിക്കരുതെന്നും കരാർ വ്യവസ്ഥകൾ പാലിച്ചായിരിക്കണം തുടർനടപടികളെന്നും സ്പീക്കർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിലപാടിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട കത്ത് ലഭിച്ചാൽ സ്വീകരിക്കേണ്ട നടപടി സർക്കാർ തീരുമാനിക്കേണ്ടതാണെന്നും മുൻപ് അനുവദിച്ച ഭൂമി ഏതാനും പേരുടെ കൈവശം മാത്രം തുടരുന്നത് ശരിയല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






