
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാനുള്ള പരമ്പരാഗത കേരളീയ വസ്ത്രധാരണരീതിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ക്ഷേത്രം ഭരണസമിതി കേരള ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട കേസ് കോടതി തീർപ്പാക്കി.
സ്ത്രീകൾക്ക് ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കണമെന്ന ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് നടപടി. ക്ഷേത്രത്തിന്റെ നിലപാട് വ്യക്തമായതോടെ എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെതിരായ ഹർജി കോടതി പരിഗണനയിൽ നിന്ന് ഒഴിവാക്കി.
കേരള ബ്രാഹ്മണ സഭയുടെ മുൻ സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യർക്കുവേണ്ടി അഡ്വ. സുജിനി വെങ്കിടാചലം നൽകിയ ഹർജിയാണ് 2016 മുതൽ കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്നത്.






