
അറ്റ്ലാന്റ: ലോകകപ്പ് ഫുട്ബോളില്‍ ബ്രസീല്‍ താരം പെലെയുടെ ഗോള്‍ റെക്കോഡിനെ ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ മറികടന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരേ നടന്ന നോക്കൗട്ടില്‍ ഇരട്ട ഗോളടിച്ചതോടെയാണ് കെയ്ന്‍ പെലെയെ മറികടന്നത്്. പെലെ ലോകകപ്പില്‍ 12 ഗോളുകളടിച്ചു.
കോംഗോയ്ക്കെതിരേ ആദ്യ ഗോളടിച്ചതോടെ കെയ്ന്‍ ഇതിഹാസ താരത്തിനൊപ്പമായിരുന്നു. രണ്ടാം ഗോളടിച്ചതോടെ പെലെയെ മറികടന്നു. ഈ ലോകകപ്പില്‍ കെയ്നിന്റെ ഗോള്‍ നേട്ടം അഞ്ചിലെത്തി. പെലെ 16 ലോകകപ്പ് മത്സരങ്ങളില്‍ നിന്നാണു 12 ഗോളുകളടിച്ചത്. ഇംഗ്ലണ്ടിനായി 117 മത്സരങ്ങളില്‍നിന്ന് 84 ഗോളുകളടിക്കാന്‍ കെയ്നായി. താരത്തിന്റെ പ്രധാന ടൂര്‍ണമെന്റുകളിലെ ഗോള്‍ നേട്ടം 20 ലെത്തി.
2018 ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടും ഇംഗ്ലണ്ട് താരത്തിനായിരുന്നു. ആറ് ഗോളുകളടിച്ച കെയ്നാണ് ഇംഗ്ലണ്ട് സെമി ഫൈനല്‍ വരെയെത്താന്‍ പ്രധാന കാരണം. രണ്ട് വ്യത്യസ്ത ലോകകപ്പുകളില്‍ അഞ്ചോ അതിലധികമോ ഗോളുകളടിക്കുന്ന ആറാമനാണു കെയ്ന്‍. തിയോഫിലോ കുബിയാസ്, മിറോസ്ലാവ് ക്ലോസ്, തോമസ് മുള്ളര്‍, ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ എന്നിവരാണു മുന്‍ഗാമികള്‍. കോംഗോയെ 2-1 നു തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിനായി. ഏഴാം മിനിറ്റില്‍ ബ്രിയാന്‍ സിപെങ്കയിലൂടെ കോംഗോ മുന്നിലെത്തി.
75 മിനിറ്റ് വരെ ഇംഗ്ലീഷുകാരെ സമ്മര്‍ദത്തിലാക്കാന്‍ കോംഗോയ്ക്കായി. പ്രീ ക്വാര്‍ട്ടറില്‍ മെക്സിക്കോയാണ് ഇംഗ്ലണ്ടിനെ നേരിടുക. ബ്രിയാന്‍ സിപെങ്കയുടെ ഇടതു വിങിലൂടെയുള്ള മിന്നല്‍ മുന്നേറ്റമാണു ഗോളിനു വഴിയായത്. പോസ്റ്റിനു തൊട്ടടുത്തു നിന്നുള്ള കോംഗോ താരത്തിന്റെ ഷോട്ട് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോഡിനെ മറികടന്നു. ഗോള്‍ മടക്കാന്‍ ജൂഡ് ബെല്ലിങാമും മാര്‍കസ് റാഷ്ഫോഡും നടത്തിയ തുടരന് മുന്നേറ്റങ്ങള്‍ കോംഗോ ഗോള്‍ കീപ്പര്‍ ലയണല്‍ എംപാസി ഉജ്വലമായി തടുത്തു. ഒരു തവണ ആരോണ്‍ വാന്‍ ബിസാകയുടെ ഗോള്‍ ലൈന്‍ ക്ലിയറന്‍സും കോംഗോയുടെ രക്ഷയ്ക്കെത്തി. തോമസ് ടുഷലിന്റെ ശിഷ്യന്മാര്ക്ക് ഗോള്‍ വീണതിന്റെ സമ്മര്‍ദം മാറ്റാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. അതിനിടെ യോനാ വീസയുടെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പറന്നത് ഇംഗ്ലണ്ട് ആരാധകര്‍ ആശ്വാസത്തോടെയാണു കണ്ടത്. 75-ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡന്റെ അസിസ്റ്റില്‍ കെയ്ന്‍ സമനില ഗോളടിച്ചു. ഗോള്‍ഡന്‍ നല്കിയ പന്തിനെ കെയ്ന്‍ ഹെഡറിലൂടെ വലയിലാക്കി. അതുവരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത എംപാസി നിസഹായനായി. 86-ാം മിനിറ്റില്‍ ജയമുറപ്പിച്ച ഗോളുമെത്തി. ആന്റണി ഗോര്‍ഡന്റെ എണ്ണം പറഞ്ഞ അസിസ്റ്റായിരുന്നു ഇത്തണവയും ഗോളിനു കാരണം.






